രണ്ടാം പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന് എന്‍.സി.പി. നേതൃയോഗം തീരുമാനിച്ചു. എ.കെ ശശീന്ദ്രനെ തന്നെ അഞ്ചു വര്‍ഷവും മന്ത്രിയാക്കും. എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. തോമസ് കെ. തോമസ് നിയമസഭാകക്ഷി നേതാവാകുമെന്ന് പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശശീന്ദ്രനും തോമസ് കെ. തോമസിനും രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കണമെന്ന അഭിപ്രായം ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ അടക്കമുള്ളവര്‍ തോമസ് കെ. തോമസിനു വേണ്ടി രംഗത്തെത്തിയിരുന്നു. തോമസ് മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയും ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ്.രണ്ടര വര്‍ഷമെങ്കിലും തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കണമെന്ന് പീതാംബരന്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തോമസ് കെ. തോമസിന് പരിചയസമ്ബത്തില്ല, ആദ്യമായി എം.എല്‍.എ. ആകുന്ന വ്യക്തിയാണ് എന്നീ കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. തോമസ് ചാണ്ടിയുടെ മരണത്തിനുശേഷം പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന് മതിയായ രാഷ്ട്രീയ പ്രവര്‍ത്തന പരിചയവും ഇല്ലെന്ന കാര്യവും സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെയാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്‍.സി.പി. എത്തിച്ചേർന്നത്