പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ വിജയഭാസ്കർ അടങ്ങുന്നതാണ് ടാസ്ക്ഫോഴ്സ്. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. മേയ് 13 ന് വിളിച്ചുചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം.സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കമ്മറ്റി അതാത് സമയത്ത് യോഗം ചേരും. ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഈ രാഷ്ട്രീയ ഐക്യത്തിന് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.