അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

General Health

കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ തിരികെ മടക്കരുതെന്നും വാക്സീനെടുക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകളെ അറിയിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് 12 ആഴ്ചയ്ക്കു മുൻപു നൽകില്ലെന്ന് കർണാടക ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിലപാട് പ്രഖ്യാപിച്ചിരിക്കെയാണ് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തിയത്.ഇനിമുതൽ കോവിഷീൽഡ് രണ്ടാം ഡോസിനായി അപ്പോയ്ന്റ്മെന്റ് 84 ദിവസങ്ങൾക്കു ശേഷമായിരിക്കും. നേരത്തേ അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് വാക്സീൻ ലഭിക്കുന്നതിൽ തടസ്സമില്ലെങ്കിലും സമയം മാറ്റിയെടുക്കുന്നതാണ് ഉചിതമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.ഇതിനിടെ, കോവിഷീൽഡ് വാക്സീൻ ഡോസുകൾക്കിടയിലെ സമയക്രമം വർധിപ്പിച്ചതു സംബന്ധിച്ചു ഭിന്നാഭിപ്രായം ശക്തമായി. രണ്ടാം ഡോസിനുള്ള സമയം ഇന്ത്യ 12–16 ആഴ്ചയായി സമയം വർധിപ്പിച്ചപ്പോൾ യുകെയിലെ പഠനങ്ങൾ കൂടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം യുകെ വാക്സീൻ ഡോസുകൾക്കിടയിലെ സമയവ്യത്യാസം 12 ആഴ്ചയിൽ നിന്നു 8 ആഴ്ചയായി കുറച്ചു. ആദ്യം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ബി 1.617 വൈറസ് വകഭേദം ആശങ്ക നൽകുന്ന പശ്ചാത്തലത്തിലാണു നടപടിയെന്നാണ് യുകെ അറിയിച്ചത്. രണ്ടാം തരംഗത്തിൽ ഈ വകഭേദം ഇന്ത്യയ്ക്ക് തലവേദന തീർക്കുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചുള്ള നടപടി. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലെന്നു ന്യായീകരിക്കുമ്പോഴും വാക്സീന്റെ ലഭ്യതക്കുറവും തീരുമാനത്തിനു കാരണമായെന്നു വിമർശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *