ഇസ്‌റാഈലിലെ തീവ്രവാദ ആക്രമണം അങ്ങേയറ്റം വേദനാജനകമാണെന്ന് ഉമ്മന്‍ ചാണ്ടി

Kerala

ഇസ്‌റാഈലില്‍ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന മലയാളിയായ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അത്യധികം ദുഃഖകരവും വേദനാജനകവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. തന്റെ ഫേസ്ബുക്കിൽ ആണ് കുറിച്ചിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.

സന്തോഷുമായി സൗമ്യ വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ബോംബാക്രമണത്തിന്റെ രൂപത്തിൽ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.

പൊതുപ്രവർത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളുമായ സതീശൻറെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ വേർപാടിന്റെ നടുക്കത്തിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവൻ സങ്കടമാണ്.

വിദേശരാജ്യങ്ങളിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കരുതലിന്റെ കാവൽ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്സുമാർ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരൽചൂണ്ടുന്നത്.

സന്തോഷുമായും കുടുംബാംഗങ്ങളുമായും ഫോണിൽ സംസാരിച്ചു.സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചു.”

Leave a Reply

Your email address will not be published. Required fields are marked *