ചെറുപുൽക്കൊടിക്കും വളമായി മാറും.

Kerala Poems

ഗൗരി

കരയാത്ത ഗൗരി
തളരാത്ത ഗൗരി
കലികൊണ്ടു നിന്നാൽ
അവൾ ഭദ്രകാളി

ഇതു കേട്ടുകൊണ്ടേ
ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ
ഭയമാറ്റി വന്നു.

നെറികെട്ട ലോകം
കനിവറ്റ കാലം
പടകാളിയമ്മേ
കരയിച്ചു നിന്നെ

ഫലിതത്തിനെന്നും
തിരുമേനി നല്ലൂ
കലഹത്തിനെന്നും
അടിയാത്തി പോരും

ഗുരു വാക്യമെല്ലാം
ലഘു വാക്യമായി
ഗുരുവിൻറെ ദുഃഖം
ധ്വനികാവ്യമായി
അതുകേട്ട് നമ്മൾ
ചരിതാർത്ഥരായി
അത് വിറ്റ് പലരും
പണമേറെ നേടി
അതിബുദ്ധിമാന്മാർ
അധികാരമേറി !

തൊഴിലാളി വർഗ്ഗം
അധികാരമേറ്റാൽ
അവരായി പിന്നെ
അധികാരി വർഗ്ഗം
അധികാരമപ്പോൾ
തൊഴിലായി മാറും
അതിനുള്ള കൂലി
അധികാരി വാങ്ങും

വിജയിക്കു പിൻപേ
കുതികൊൾവുലോകം

വിജയിക്കുമുന്നിൽ
വിരിയുന്നു കാലം

മനുജന്നു മീതെ
മുതലെന്നസത്യം
മുതലിന്നു മീതെ
അധികാരശക്തി
അധികാരമേറാൻ
തൊഴിലാളി മാർഗ്ഗം
തൊഴിലാളിയെന്നും
തൊഴിലാളി മാത്രം !

അറിയേണ്ട ബുദ്ധി
അറിയാതെ പോയാൽ
ഇനി ഗൗരിയമ്മേ
കരയാതെ വയ്യ

കരയുന്ന ഗൗരി
തളരുന്ന ഗൗരി ,
കലിവിട്ടൊഴിഞ്ഞാൽ
പടുവൃദ്ധയായി

മതി ഗൗരിയമ്മേ
കൊടി താഴെവയ്ക്കാം
ഒരു പട്ടുടുക്കാം
മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം
കൊടുങ്ങല്ലൂർ ചെന്നാൽ
ഒരു കാവുതീണ്ടാം

ഇനി ഗൗരിയമ്മ
ചിതയായി മാറും
ചിതയാളിടുമ്പോൾ
ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും
കനൽ മാത്രമാവും
കനലാറിടുമ്പോൾ
ചുടു ചാമ്പലാവും

ചെറുപുൽക്കൊടിക്കും
വളമായി മാറും.

ബാലചന്ദ്രൻ ചുള്ളിക്കാട് –
(1995)

Leave a Reply

Your email address will not be published. Required fields are marked *