തിക്രി: ഹരിയാനയിൽ കൊവിഡ് ബാധിച്ച് മരിച്ച പശ്ചിമബംഗാൾ സ്വദേശിയായ യുവതി കര്‍ഷക സമരം നടക്കുന്ന തിക്രിയില്‍ ബലാത്സംഗത്തിനിരയായെന്ന് പിതാവിന്റെ പരാതി. സമരത്തിൽ പങ്കെടുക്കാൻ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ഏപ്രിൽ പത്തിനാണ് ബംഗാൾ സ്വദേശിയായ 25-കാരി ഒരു സംഘത്തോടൊപ്പം കർഷക സമരത്തിൽ പങ്കെടുക്കാൻ തിക്രിയിൽ എത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് യുവതിയെ കഴിഞ്ഞ 26-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 30-ന് മരിച്ചു. പിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് പോലീസിൽ പരാതി നൽകിയത്. കർഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ ഒരു സംഘത്തിലെ രണ്ടു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകൾ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. അതേസമയം, കൊവിഡ് രോഗിയെന്ന നിലയിലാണ് ആശുപത്രി അധികൃതർ യുവതിയെ ചികിത്സിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരോട് വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പരാതിയിൽ പറയുന്ന രണ്ടു പേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിസാൻ സോഷ്യൽ ആർമി എന്ന് വിളിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് യുവതിയെ ആക്രമിച്ചതെന്ന ആരോപണത്തിന് പിന്നാലെ ഇവർക്കെതിരേ നടപടി സ്വീകരിച്ചതായി സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കിസാൻ സോഷ്യൽ ആർമി തിക്രിയിൽ സ്ഥാപിച്ച ടെന്റുകളും ബാനറുകളും എടുത്തു മാറ്റിയിട്ടുണ്ടെന്നും കിസാൻ സംയുക്ത മോർച്ച പ്രസ്താവനയിൽ പറഞ്ഞു. യുവതിക്ക് നീതി ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും കർഷകനേതാക്കൾ അറിയിച്ചു.