കയ്യിൽ 170 രൂപ; ചായ വിറ്റ് സൈക്കിളിൽ കശ്മീരിൽ പോയി വന്നു; പുതിയ ഹീറോ

Kerala National

170 രൂപ കൊണ്ട് കേരളത്തിൽ നിന്ന് കശ്മീരിലേക്ക്. അതും സൈക്കിളിൽ ചായ വിറ്റുകൊണ്ട്. സിനിമാക്കഥയല്ല. തൃശൂർ ആമ്പല്ലൂരുള്ള 23-കാരനായ നിധിന്റെ ജീവിത കഥയാണിത്. യാത്രപോയി തിരിച്ചെത്തിയ നിധിനെ കാത്തിപ്പോൾ മറ്റൊരു സന്തോഷവും. നിധിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ആഗ്രഹിച്ചാൽ പലതും സാധിക്കാമെന്നും അതിന് പണം ഒരു തടസമല്ലെന്നും കാണിച്ചു തരികയാണ് നിധിൻ. ഈ യാത്രയ്ക്കുള്ള ധൈര്യം എങ്ങനെ വന്നുവെന്ന് നിധിൻ പങ്കുവയ്ക്കുന്നു.
നിധിന്റെ വാക്കുകൾ: യാത്ര ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ലിഫ്റ്റ് അടിച്ച് ദക്ഷിണേന്ത്യ മുഴുവന്‍ പോയിട്ടുണ്ട്. യാത്രപോകുമ്പോൾ ഒരുപാട് ആൾക്കാരെ കാണാൻ സാധിക്കും. 170 രൂപയ്ക്ക് ഇന്ത്യ മുഴുവൻ ചുറ്റി. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോഴും സിനിമയായിരുന്നു മനസ്സിൽ. ക്യാമറയും സിനിമാ സംവിധാനവും ഒക്കെയാണ് താൽപ്പര്യം. അങ്ങനെ ക്യാമറ വാങ്ങാനായിട്ടാണ് ജോലി ചെയ്തത്. ഹോട്ടലിൽ ജ്യൂസ് മേക്കറായിട്ടൊക്കെയാണ് ജോലി ചെയ്തത്. 2020 മാർച്ചിൽ കോവിഡ് വന്നതോടെ ജോലി നഷ്ടമായി. 10 മാസത്തോളം വെറുതേ ഇരുന്നു. ഇതിനിയടയിൽ ഒരു ക്യാമറ വാങ്ങി. പിന്നീട് യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങി വന്നു. പക്ഷേ എങ്ങനെ പോകുമെന്നായി ചിന്ത. അപ്പോഴാണ് അനിയന്മാരുടെ പഴയ സൈക്കിളിന്റെ കാര്യം ഓർമ വന്നത്. ഹെർക്കുലിസിന്റെ പഴയ സൈക്കിൾ അവർ ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു.
സൈക്കിൾ വളരെ പഴയതാണ്. അത് നന്നാക്കണം. എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന ഏറെ ആഗ്രഹിച്ച് വാങ്ങിയ ക്യാമറ ഞാനങ്ങ് വിറ്റു. ആ പണംകൊണ്ട് സൈക്കിൾ നന്നാക്കി, ചായ വിൽക്കാനുള്ള സാധനങ്ങൾ വാങ്ങി, താമസിക്കാനുള്ള ടെന്റും വാങ്ങി. ബാക്കി കയ്യിൽ 170 രൂപ മാത്രം. ഈ പണംകൊണ്ട് 2021 ജനുവരി ഒന്നിന് രാവിലെ ഐശ്വര്യമായിട്ട് യാത്ര തുടങ്ങി. കശ്മീർ വരെ പോയി ഇപ്പോൾ തിരികെ എത്തിയിരിക്കുകയാണ്. 170 ദിവസങ്ങൾ കൊണ്ടാണ് യാത്ര പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *