തുടർഭരണം ലഭിച്ചതിന്റെ സന്തോഷം ദീപം തെളിയിച്ചാണ് ഇടതുപ്രവർത്തകർ ആഘോഷിച്ചത്. എന്നാൽ ബിജെപിയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ. രാജഗോപാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. കയ്യിൽ ദീപമേന്തി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കിട്ടത്. ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ ചിത്രം പങ്കിട്ടിരിക്കുന്നത്. #bengalvoilence #saveBengal എന്നീ ഹാഷ്ടാഗും അദ്ദേഹം പങ്കിട്ടു. എന്നാൽ ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല എന്ന് കമന്റിലെത്തി അണികള്‍ പറയുന്നു. എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിയിച്ച ചിത്രം പങ്കുവച്ചതും സൈബർ ഇടങ്ങളില്‍ ഒരു വിഭാഗം ആഘോഷിക്കുകയാണ്.ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇടതുതുടർഭരണത്തിന്റെ വിജയാഘോഷം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിലും പാർട്ടി ഓഫിസുകളിലും വളരെക്കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തിയത്. വീടുകളിൽ പ്രവർത്തകർ മെഴുകുതിരികളും ചെരാതുകളും കൊളുത്തി. ലഡുവും പായസവും വിതരണം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് എകെജി സെന്ററിലേ ഫ്ലാറ്റിലും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് തൃശൂരിലും വിജയം ആഘോഷിച്ചു. കോവിഡ് പശ്ഛാത്തലത്തിലാണ് തിരഞ്ഞെടുപ്പിലെ മിന്നും വിജയം മുന്നണി വീടുകളില്‍ ആഘോഷമാക്കിയത്.