കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന് കേള്‍ക്കുന്നതിനിടയിലാണ് കേരളം, തമിഴ്നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടുള്ളത്. ഇതില്‍ കേരളവും തമിഴ്നാടും ബംഗാളും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഒരേയൊരു സീറ്റ് പോലും തിരിച്ചെടുത്തുകൊണ്ട് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച് കേരളം ശക്തമായ ബിജെപി വിരുദ്ധ വികാരമാണ് പ്രകടമാക്കിയത്. പരസ്യമായി ബിജെപി രാഷ്ട്രീയത്തെ വെല്ലുവിളിച്ച് പ്രചാരണം നടത്തിയ ഡിഎംകെ മുന്നണിയുടെ വമ്പിച്ച വിജയമാണ് തമിഴ്നാട്ടില്‍ കാണാനായത്.ഇക്കൂട്ടത്തില്‍ രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് ബംഗാളിലെ തൃണമൂല്‍ വിജയമാണ്. നരേന്ദ്ര മോദിയും അമിത്ഷായുമടക്കമുള്ള ദേശീയനേതാക്കളെല്ലാം ബിജെപിക്ക് വേണ്ടി അരയും തലയും മുറുക്കി ബംഗാളില്‍ പ്രചാരണത്തിനിറങ്ങിയിട്ടും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ മഹാവിജയം കരസ്ഥമാക്കിയത് ദേശീയരാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള സൂചനയായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.കേരളത്തില്‍ പിണറായി വിജയനും, തമിഴ് നാട്ടില്‍ സ്റ്റാലിനും, ബംഗാളില്‍ മമതയും ബിജെപിയെ അതിശക്തമായി പരസ്യമായി എതിര്‍ത്തുനിന്ന നേതാക്കളാണ്. നിരവധി ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചതായി നമുക്ക് കാണാനാകും. ഇതില്‍ ഏറ്റവും ഒടുവിലത്തേത് മാത്രമാണ് കൊവിഡ് പ്രതിസന്ധി. വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇന്നത്തെ സാഹചര്യമല്ലായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതിന് ശേഷം മാത്രമാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയും കേന്ദ്രം വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തത്.