കൊവിഡ് മരണനിരക്ക് ഉയരുന്നു; ശവപ്പറമ്പായി രാജ്യ തലസ്ഥാനം; മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല

National

കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്.

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തിങ്കളാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 350 പേരാണ്. കഴിഞ്ഞദിവസം 357 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ഏകദേശം 22 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം ശേഷിയുള്ള ദല്‍ഹിയിലെ സരായ് കാലേ കാന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച മാത്രം സംസ്‌കരിച്ചത് 60 മുതല്‍ 70 മൃതദേഹങ്ങളാണ്.

വരുംദിവസങ്ങളില്‍ കണക്കുകള്‍ ഉയര്‍ന്നാല്‍ സംസ്‌കരിക്കാന്‍ ആവശ്യമായ 100 പ്ലാറ്റ്‌ഫോമുകല്‍ കൂടി നിര്‍മ്മിക്കേണ്ടി വരുമെന്ന് ശ്മശാനത്തിലെ ജീവനക്കാര്‍ പറയുന്നു.

ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ശ്മശാനം അധികൃതര്‍ പറഞ്ഞു. നിലവില്‍ 20 പ്ലാറ്റ്‌ഫോമുകള്‍ പുതുതായി ഉണ്ടാക്കിയെന്നും ബാക്കി 80 എണ്ണം വരും ദിവസങ്ങളില്‍ നിര്‍മ്മിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 219272 പേര്‍ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു.

ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 17313163 ആയി ഉയര്‍ന്നു. 28, 13,658 ആക്ടീവ് കേസുകളാണുള്ളത്. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

ദല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം അതി രൂക്ഷമായി തുടരുകയാണ്. ഓക്സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *