ഒരു പ്രദേശത്തിന്റെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണ പരിഹാരവുമായി കേരള പൗരാവകാശ സംരക്ഷണ സമിതി, മുളിയാർ മുതലപ്പാറ ‘ഇൽ സ്ക്വയർ’ പ്രദേശത്താണ് സംഘടനയുടെ അകമഴിഞ്ഞ സഹായഹസ്തം.
ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക് മുളിയാർ ബാവിക്കരയിലെ ഒരു മനുഷ്യസ്നേഹി വീട് വെക്കാൻ ദാനമായി നൽകിയ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇവിടുത്തെ ജനങ്ങൾ വല്ലാതെ പ്രയാസപ്പെട്ടിരുന്നു, 35 ഓളം വീടുകൾ സ്ഥിതിചെയ്യുന്ന പ്രസ്തുത സ്ഥലത്തെ കുടുംബങ്ങളുടെ ദയനീയയാവസ്ഥ നേരിട്ടറിയുകയും ആവശ്യമായ പരിഹാരം നടപടികൾക്ക് വേണ്ടി സംഘടനാ പ്രവർത്തകർ ആത്മാർത്ഥമായ ഇടപെടൽ നടത്തുകയുമായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് സുമനസ്കരായ ആളുകളെ സമീപിക്കുകയും അവരുടെയൊക്കെ അകമഴിഞ്ഞ സഹായഹസ്തങ്ങൾ കൊണ്ട്, സംഘടനയുടെ ‘ജലനിധി കുടിവെള്ള’ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടോളം ബോർവെല്ലുകൾ ഇവിടെ നിർമ്മിച്ചു നൽകുകയുമായിരുന്നു.
കാലാകാലങ്ങളായി തങ്ങൾ അനുഭവിക്കുന്ന തീരാ ദുരിതത്തിന് പൂർണമായും പരിഹാരം കണ്ടെത്തിയ പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകരോട് ഏറെ കടപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു.
പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ഷാഫി മാപ്പിളക്കുണ്ട്, ജില്ലാ പ്രസിഡന്റ് മൊട്ട അബ്ദുൽ ഖാദർ,ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ മാളിക,കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സംസ്ഥാന സമിതി അംഗം അബ്ദുല്ലക്കുഞ്ഞി മാസ്തിക്കുണ്ട്,മാർക്ക് മുഹമ്മദ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജാസർ പൊവ്വൽ, സെക്രട്ടറി എം എ അഷ്റഫ്, ട്രഷറർ സ്വരാജ് കാനത്തൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.