തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനായ മണികണ്ഠന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മറ്റു തടവുകാരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റെല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ക്കു മാത്രമാണ് സംസ്ഥാനത്ത് അനുമതി നല്‍കിയിരിക്കുന്നത്.കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ നടത്താം, എന്നാല്‍ 75 പേരെയേ പങ്കെടുപ്പിക്കാവൂ. 24ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അവധിയായിരിക്കും.
എന്നാല്‍ ആ ദിവസം നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന മാത്രം ക്ലാസ്സുകള്‍ നടത്തണം. ട്യൂഷന്‍ ക്ലാസുകളും സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കണം. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്