ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങൾ അപമാനപരവും അപകീര്‍ത്തികരവുമായ രീതിയിലാണ് പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥിയും എംഎല്‍എയുമായ യു. പ്രതിഭ. പ്രചാരണത്തിലുടനീളം മാധ്യമങ്ങൾ പക്ഷപാതിത്വം കാണിച്ചു. എതിര് സ്ഥാനാർഥിക്ക് വേണ്ടി മാധ്യമങ്ങള്‍ പി ആര് വര്‍ക്ക് ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങളെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കയിയെ മലയാളി അസോസിയേഷന്- ഫോമാ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.”മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർഥി താനായിരുന്നു. അതില്‍ അഭിമാനമുണ്ട്. മാധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് സംശയിക്കുമായിരുന്നു. എതിര് സ്ഥാനാർഥിയുടെ വീടിന് ചുറ്റുമായിരുന്നു മാധ്യമങ്ങള്‍ സദാസമയം. മാധ്യമങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് പോലെ ഒരു ചര്‍ച്ച കൂടി വയ്ക്കണം. മാധ്യമങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ അപ്പോള്‍ കൂടുതലായി വെളിപ്പെടുത്താം”-പ്രതിഭ പറഞ്ഞു.