ചെറിയ കുസൃതികള്‍ക്കുപോലും കുട്ടികളെ തല്ലുന്ന മാതാപിതാക്കളുണ്ട്. കുട്ടി ചെയ്യുന്ന എന്തു തെറ്റിനും തല്ലാണ് ഇവരുടെ മറുപടി. തല്ലു കൊടുത്തും ഭീഷണിപ്പെടുത്തിയും കുട്ടികളെ നിയന്ത്രിക്കാമെന്ന് കരുതുന്നവരാണ് ഇവര്‍. എന്നാല്‍ ഇത്തരത്തില്‍ തല്ലി വളര്‍ത്തുന്നത് കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വികസനത്തെ ബാധിക്കുമെന്ന് ഹാര്‍വഡിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
തുടർച്ചയായി തല്ലും ഭീഷണിയും കിട്ടുന്ന കുട്ടികളുടെ തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സ് മേഖലയിലെ ഒന്നിലധികം ഭാഗങ്ങളില്‍ നാഡീവ്യൂഹപരമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് തീരുമാനങ്ങള്‍ എടുക്കാനും സാഹചര്യങ്ങളെ വിലയിരുത്താനുമുള്ള കുട്ടികളുടെ ശേഷിയെ ബാധിക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ ഉത്കണ്ഠ, വിഷാദരോഗം, പെരുമാറ്റ വൈകല്യങ്ങള്‍, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ഈ കുട്ടികള്‍ക്ക് ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു.
മൂന്ന് മുതല്‍ 11 വരെ വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. അമേരിക്കയില്‍ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത് മാതാപിതാക്കളില്‍ പകുതിപ്പേരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളെ ഒരിക്കലെങ്കിലും തല്ലിയിട്ടുണ്ടെന്നാണ്. ഒരു ആഴ്ചയ്ക്കിടെ കുട്ടികളെ തല്ലിയത് സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ മൂന്നിലൊന്ന് പേരാണ്. ചൈല്‍ഡ് ഡവലപ്‌മെന്റ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.