ദി പ്രീസ്റ്റ്…! കെ.സി ഷൈജൽ എഴുതുന്നു… കൗൺസിലിങ്ങിലൂടെ എങ്ങനെ പ്രേതത്തെ കുടിയൊഴിപ്പിക്കാം എന്ന് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്നതാവും ജോഫിൻ ടി ചാക്കോയുടെ ‘ദി പ്രീസ്റ്റി’ന്റെ പ്രസക്തി. വിനയനെ പോലുള്ള പേരുകേട്ട പ്രേതോച്ചാടകർക്ക് കാലമേറെയായിട്ടും ചിന്തിക്കാൻ പോലും സാധിക്കാതിരുന്ന കാര്യമാണു കന്നിപ്പടത്തിലൂടെ ജോഫിൻ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഒരു കൊല, പിന്നൊരു കൊല, പിന്നെ ശഠപഠേന്നു കൊല – ഇതാണു പ്രീസ്റ്റിന്റെ ഒരു ലൈൻ. ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ മൂന്നാലു മരണങ്ങൾക്ക് ശേഷം അതേ കുടുംബത്തിൽ നടക്കുന്ന ഏറ്റവും പുതിയ അപമൃത്യുവിന്റെ ഇരുണ്ട അന്തരീക്ഷത്തിലേക്ക് ഫാദർ കാർമൽ ബെനെഡിക്റ്റ് ദി എക്സോർസ്സിസ്റ്റ് പ്രീസ്റ്റ് എത്തുന്നതോടെ (അത്രേം ഡെക്കറേഷൻ എഴുതിത്തീർക്കാൻ പാടാണു; മമ്മൂട്ടി – അത് മതി) കഥ മാറുകയാണു. തൊഴിലുറപ്പ് തൊഴിലാളി സഖാക്കളുടെ സഹായത്തോടെ വെറും അഞ്ച് മിനുട്ട് കൊണ്ട് മമ്മൂട്ടി കൊലപാതക പരമ്പരകളുടെ ചുരുളഴിക്കുകയും മുഖ്യമന്ത്രിയുടെ വരെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്യുന്നു. അതല്ലെങ്കിലും പിണറായി മമ്മൂട്ടിയെ അഭിനന്ദിക്കാതിരിക്കില്ലല്ലോ. ഇതിനിടയിൽ രമേഷ് പിഷാരടി മുതൽ നസീർ സംക്രാന്തി വരെയുള്ളവർ മസിലും ശ്വാസവും കൂട്ടിപ്പിടിച്ചു സീരിയസായി അഭിനയിച്ച് ചിരിപ്പിക്കുന്നുണ്ട്.
(സീനു സോഹൻലാൽ പിറകെ വരുന്നുമുണ്ട്). ക്രൈം ഇന്വെസ്റ്റിഗേഷൻ പാർട്ട് അവിടെ അവസാനിച്ചതായും ആകാശഗംഗ -3 ഉടൻ ആരംഭിക്കുന്നതാണെന്നും മമ്മൂട്ടി അനൗൺസ് ചെയ്യുന്നതോടെ പൊലീസുകാർ തത്ക്കാലം രംഗം വിടുകയും അമേയ എന്ന കുട്ടിപ്രേതം രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു. അമേയയിൽ ഏത് വല്യ പ്രേതം എങ്ങനെ പടർന്നു കയറി എന്ന് അന്വേഷിക്കുന്ന മമ്മൂട്ടിയ്ക്ക് മുൻപിൽ ഫ്ലാഷ് ബാക്കുകളും ആത്മാക്കളും അണിയണിയായി വന്നു നിന്ന് മറ്റൊരു കൊലപാതകത്തിന്റെ കൂടി രഹസ്യം വെളിപ്പെടുത്തുകയും അത്യാധുനിക എക്സോർസ്സിസ്റ്റ് ഉപകരണങ്ങളുടെ സഹായത്തോടെ പ്രേതത്തെ അദ്ധേഹം പുറത്തെത്തിക്കുകയും ചെയ്യുന്നു. എന്നിട്ടും, കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല എന്ന മുദ്രാവാക്യവുമായി സൂപ്പർ ലേഡി പ്രേതം കൊച്ചിന്റെ ചാരത്ത് തന്നെ നിൽക്കുന്നത് കണ്ടപ്പോഴാണു
എക്സോർസിസത്തിന്റെ ചരിത്രത്തിൽ ആരും സഞ്ചരിച്ചിട്ടില്ലാത്ത കൗൺസിലിങ്ങിന്റെ വഴിയിലൂടെ സഞ്ചരിച്ച് സൂപ്പർ ലേഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മമ്മൂട്ടി ആത്യന്തിക വിജയം സ്വന്തമാക്കുന്നത്.
പ്രീസ്റ്റിൽ പ്രേക്ഷകനെ ഒന്ന് രണ്ട് തവണ ഞെട്ടിക്കുന്ന ജമ്പ് സ്കെയറുകളുണ്ട്; കൊള്ളാവുന്ന കളർ ടോണും ക്യാമറയുമുണ്ട്; നല്ല എഡിറ്റും ബീജീയെമ്മുമുണ്ട് – പക്ഷെ പടത്തിന്റെ കേന്ദ്രത്തിൽ കെട്ടുറപ്പുള്ള ഒരു കഥയോ തിരക്കഥയോ ഇല്ലാതെ പോയി. പ്രേതങ്ങൾക്ക് പുതുമഴയായി വന്നു നീ മോഡൽ പാട്ടില്ല, വെള്ളസാരി – ദംഷ്ട്ര കോസ്റ്റ്യൂംസില്ല, അട്ടഹാസങ്ങളുമില്ല ; ഹോളിവുഡ് ആമ്പിയൻസ് ആവോളം ഉണ്ട് താനും. എന്നിട്ടും അവരുടെ നിശാടനങ്ങളെല്ലാം പഴുതു നിറഞ്ഞതു മാത്രമാകുന്നു. ചുരുക്കത്തിൽ കഥയിലോ അവതരണത്തിലോ ആകർഷണീയമായ
ഒന്നും ശേഷിപ്പിക്കാതെ മറ്റൊരു പ്രേതം കൂടി പുകയായി മാറുന്നതിന്റെ അസഹനീയമായ കാഴ്ചയാണു ‘ദി പ്രീസ്റ്റ്’.
പ്രേക്ഷകരെ ഓർത്താവണം, ഇടയ്ക്ക് ടീ ജീ രവി മമ്മൂട്ടിയോട് പറയുന്ന ഒരു ഡയലോഗ് മാത്രം മറക്കാതെ മനസിലുണ്ട് – ” മതി; താങ്ങാനാവില്ല”.