സലിം മടവൂർ എഴുതുന്നു…
”ശ്രീ കെ.ടി ജലീൽ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചുവെന്നും കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയെന്നും കരുതി അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നത് ശരിയല്ല. പി.കെ.കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത് മുസ്ലിം ലീഗിൻ്റെ തന്നെ നേതാവായ എം.കെ മുനീർ ചെയർമാനായിരുന്ന ഇന്ത്യാ വിഷൻ ചാനൽ പുറത്ത് വിട്ട ഒരു വാർത്തയുമായി ബന്ധപ്പെട്ടാണ്.
ഒരു ജോലിയും ഇല്ലാത്ത ഒരാളെ കെ.ടി ജലീൽ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചിരുന്നെങ്കിൽ അതിനെ സ്വജനപക്ഷപാതം എന്നു വിളിക്കാം. ചില സംവിധാനങ്ങളിൽ സർക്കാരിൻ്റെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരെ നിയമിക്കേണ്ടി വരും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഒരു യോഗ്യതയുമില്ലാത്ത എത്രയോ ആളുകൾ എം.ഡി മാരും ജി.എമ്മുമാരും ആയിട്ടുണ്ട്. ധനകാര്യ സ്ഥാപനമായ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ നന്നാക്കിയെടുക്കാൻ അനുയോജ്യനായ ബാങ്ക് ഉദ്യോഗസ്ഥനെ നിയമിച്ചതിനെ വല്ലാതെ ചൊറിയേണ്ട കാരമില്ല . അങ്ങനെ നിയമിക്കപ്പെട്ട വ്യക്തി ആ സ്ഥാനം ദുരുപയോഗം ചെയ്ത് ആർക്കെങ്കിലും കോർപറേഷൻ്റെ ലോണുകൾ അനധികൃതമായി നൽകിയിട്ടുണ്ടെങ്കിൽ അത് അഴിമതിയാണ്. ഇവിടെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജോലി ലഭിച്ചത് കൊണ്ട് അദീപിന് എന്ത് അധിക നേട്ടമാണുണ്ടായത്? മന്ത്രി ജലീൽ ജോലിയില്ലാത്ത ആൾക്കല്ല നിയമനം നൽകിയത്. അദീപ് ആ സ്ഥാനം ദുരുപയോഗം ചെയ്തോ? – സജി ബഷീറിനെപ്പോലുള്ളവരെ സിഡ്കോ എം.ഡിയായി നിയമിച്ച് തട്ടിപ്പ് നടത്തിയതും മറക്കരുത്. ഒരു ജോലിയും ഇല്ലാത്ത അരഡസൻ ആളുകൾക്കെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് എം.ഡിമാരായി നിയമനം നൽകിയിട്ടുണ്ട്. അത് മന്ത്രിമാരുടെ വിവേചനാധികാരമാണ്.
ലോകായുക്ത ഉത്തരവിൽ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ചില പദപ്രയോഗങ്ങൾ നടത്തിയിട്ടുള്ളത്. തുടർച്ചയായി കോടതി കൂടാത്ത ദിവസങ്ങൾക്ക് തൊട്ട് മുമ്പാണ് വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. ഇത് ശരിയായില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രത്യേകിച്ച് പോസ്റ്റൽ വോട്ടുകൾ ഇനിയും ചെയ്തു കഴിഞ്ഞിട്ടില്ലാത്തതിനാൽ.
എല്ലാറ്റിലുമുപരി ലോകായുക്തക്ക് ശുപാർശ ചെയ്യാനുള്ള അധികാരമേയുള്ളൂ. ഇപ്പറഞ്ഞ ശുപാർശക്ക് സമാനമായ പരാതികൾ നേരത്തേ മുഖ്യമന്ത്രിയും ഗവർണറും തള്ളിക്കളഞ്ഞതാണ്. ഇനി വീണ്ടുമൊരു ശുപാർശയുടെ കാര്യത്തിലും അത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.”