ഏറ്റവും കൂടുതല്‍ പണം മുടക്കിയ തെരഞ്ഞെടുപ്പ് പരസ്യം

General

ഇന്ത്യയിലെ ഗൂഗിളില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഗൂഗിള്‍. ഗൂഗിള്‍ അഡ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ ഫെബ്രുവരി 19, 2019 മുതല്‍ 2021 ഏപ്രില്‍ 8വരെ ചെയ്ത പരസ്യങ്ങളുടെ കണക്കാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ഈക്കാലയളവില്‍ ഗൂഗിള്‍ വഴി ചെയ്തിരിക്കുന്നത് 22,439 രാഷ്ട്രീയ പരസ്യങ്ങളാണ്. ഇതിനായി ഇതുവരെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുടക്കിയത് 68 കോടി രൂപയാണ്.ഏറ്റവും കൂടുതല്‍ പണം ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ച സംസ്ഥാനം തമിഴ്നാടാണ്. 32.63 കോടിയാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവാക്കിയത്. രണ്ടാം സ്ഥാനത്ത് ദില്ലിയാണ് 6.44 കോടിയാണ് ദില്ലിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവഴിച്ചത്. 65.23 ലക്ഷം മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൂഗിളില്‍ ഈക്കാലയളവില്‍ പരസ്യത്തിനായി മുടക്കിയിട്ടുള്ളുവെന്നാണ് ഗൂഗിള്‍ ട്രാന്‍സ്പിരന്‍സി റിപ്പോര്‍ട്ട് പറയുന്നത്.അതേ സമയം ദേശീയ പാര്‍ട്ടികളെയെല്ലാം കവച്ചുവച്ച് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി തമിഴ്നാട്ടില്‍ നിന്നുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യാണ്. 2,157 പരസ്യങ്ങള്‍ക്കായി ഡിഎംകെ ഈ രണ്ട് വര്‍ഷത്തില്‍ മുടക്കിയത് 20.73 കോടി രൂപയാണ്. രണ്ടാംസ്ഥാനത്ത് ബിജെപിയാണ്. 11,452 പരസ്യങ്ങള്‍ നല്‍കിയ ബിജെപി 17.29 കോടിയാണ് ഇതിനായി ചിലവഴിച്ചത്. മൂന്നാമത് തമിഴ്നാട്ടിലെ പ്രദേശിക കക്ഷിയായ എഐഎഡിഎംകെയാണ് 214 പരസ്യങ്ങള്‍ക്കായി ഇവര്‍ ചിലവാക്കിയത് 7.18 കോടി രൂപ.ഈക്കാലയളവില്‍ കോണ്‍ഗ്രസ് 422 പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന് ചിലവായ തുക 2.93 കോടി രൂപയാണ്. സിപിഐഎം 32 പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി മുടക്കിയത് 17 ലക്ഷം രൂപയാണ്. ലിസ്റ്റില്‍ ബിജെപിയുടെയും ഡിഎംകെയുടെയും വേറെയും അക്കൌണ്ടുകള്‍ കാണിക്കുന്നുണ്ട്. ഇതിന് പുറമേ പല പ്രദേശിക പാര്‍ട്ടികളും ഏജന്‍സി അക്കൌണ്ടുകള്‍ ഉപയോഗിച്ചാണ് പരസ്യം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാണ്.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പേ ഫെബ്രുവരിയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഗൂഗിളില്‍ ഒരു ദിവസം ചിലവഴിച്ച തുക 2 ലക്ഷത്തിന് താഴെയാണെങ്കില്‍ ഇതിപ്പോള്‍ 80 ലക്ഷത്തിന് അടുത്ത് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ പണം മുടക്കിയ പരസ്യം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ഗാനമായ ‘സ്റ്റാലിന്‍ താ വരാറ്’ ആണ്.

Leave a Reply

Your email address will not be published. Required fields are marked *