വ്യവസായ ഭീമൻ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നീണ്ട 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് അർധരാത്രിയോടെ സച്ചിന്‍ വസെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് ഓഫിസറെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സ്‌ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ അംബാനിയുടെ വീടിനുസമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. എൻ.ഐ.എ ഇൻസ്പെക്ടർ ജനറൽ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം എൻ.ഐ.എ മുംബൈ ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. അംബാനിയുടെ വീടിനുസമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിൻ വാസെയാണ്. പിന്നീടാണ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനും ശേഷം എൻ.െഎ.എക്കും കൈമാറുന്നത്. മുൻകൂർ ജാമ്യം ലഭിക്കാൻ വാസെ ശനിയാഴ്ച ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി അനുവദിച്ചില്ല.അംബാനിയുടെ വസതിയായ ആൻീലിയക്കു സമീപം കാർമിഷേൽ റോഡിൽ ഫെബ്രുവരി 25ന് സ്‌ഫോടക വസ്തു നിറച്ച കാർ നിർത്തിയിട്ട സംഘത്തിൽ സച്ചിൻ വാസെയും കണ്ണിയാണെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു. തന്‍റെ പങ്ക് കുറ്റസമ്മതം നടത്തിയതായും എന്നാൽ കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാനായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.