സ്ഥിരമായി കളിച്ചിരുന്ന ഒരു ത്രില്ലിംഗ് ഗെയിം ഫോണില്‍ കാണാനില്ല

General

ഇന്ന് അറിയാനിടയായ ഒരു സംഭവമാണ്. ഒരു വീട്ടില്‍ വലിയ ഒരു സംഖ്യ കാണാതായി. കൂലിപ്പണിയെടുത്ത് സ്വരുക്കൂട്ടി വെച്ച പൈസയായിരുന്നു. ഒരുപാടന്വേഷിച്ചിട്ടും ഒരു ഫലവുമില്ല.

അങ്ങനെ നിരാശയിലിരിക്കെ ആണ് ഇവര്‍ തങ്ങളുടെ ചെറിയ കുട്ടിയുടെ ഒരു ഉന്‍മേഷമില്ലായ്മ ശ്രദ്ധിക്കുന്നത്. പൊതുവെ ആക്റ്റീവായിരുന്ന മൊബൈലില്‍ പാഠഭാഗങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്ന അവന്‍ മൊബൈല്‍ ശ്രദ്ധിക്കുന്നേയില്ല.

കാരണമറിയാന്‍ രക്ഷിതാക്കള്‍ അവന്‍റെ ചേട്ടനെ ഏല്‍പ്പിച്ചു. അവന്‍ നൈസായിട്ട് അന്വേഷിച്ചപ്പോള്‍ ഇളയവന്‍ സ്ഥിരമായി കളിച്ചിരുന്ന ഒരു ത്രില്ലിംഗ് ഗെയിം ഫോണില്‍ കാണാനില്ല. അവന്‍ നേരെ അതിനെ പറ്റി ചോദിച്ചപ്പോള്‍ അത് ഹാക്ക് ചെയ്ത് പോയി എന്ന ഒരു ഒഴുക്കന്‍ മറുപടി നല്‍കി. ഒന്നൂടെ സോപ്പിട്ട് ചോദിച്ചപ്പോഴാണ് അവന്‍റെ ഇപ്പോഴത്തെ മൂഡോഫിന്‍റെ കാരണവും അതാണെന്ന് കണ്ടെത്തിയത്.

ഇതറിഞ്ഞ രക്ഷിതാക്കള്‍ കുട്ടികളറിയാതെ ഒരു മൊബൈല്‍ ഷോപ്പില്‍ പോയി ആ ഗെയിമിനെ പറ്റിയും മറ്റും അന്വേഷിച്ചു. അപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. അവന്‍ കളിച്ചുകൊണ്ടിരുന്ന ഗെയിം ഒരു പെയ്ഡ് ഗെയിം ആയിരുന്നു. പൊതുവെ അത്തരം ഗെയിം നല്‍കുന്നവര്‍ പണം ഈടാക്കാറുണ്ട്.

ഈ വിവരം അറിഞ്ഞ രക്ഷിതാക്കള്‍ കുട്ടികള്‍ അറിയാതെ തന്നെ ഇതിന്‍റെ തുടര്‍ അന്വേഷണങ്ങള്‍ നടത്തി. അതിന്‍ പ്രകാരം കുട്ടിയുടെ ഒരു കൂട്ടുകാരന്‍ മുഖേന ആണ് ഈ ഗെയിം വാങ്ങിയതെന്നും അതിന്‍റെ ട്രയല്‍ വേര്‍ഷന്‍ ഒരു ചെറിയ സംഖ്യയ്ക്കും കളിച്ച് ഹരം കയറിയപ്പോള്‍ ഫുള്‍ വേര്‍ഷന്‍ അതിന്‍റെ നിലിരട്ടി സംഖ്യകൂടെ നല്‍കി സ്വന്തമാക്കുകയും ചെയ്യുകയായിരുന്നത്രേ…

അതിന് വേണ്ടിയാണ് അവന്‍ വീട്ടില്‍ നിന്നും ആരും അറിയാതെ പണം എടുത്തത്.

കൊറോണക്കാലം വന്നേപ്പിന്നെ പഠിത്തമെല്ലാം മൊബൈലിലും മൊബൈലാണേല്‍ സകല സമയത്തും കുട്ടികളുടെ കൈവശവുമാണല്ലോ.
അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തില്‍ നല്ല ശ്രദ്ധ തന്നെ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇല്ലാത്തപക്ഷം ഇതുപോലെ ധന നഷ്ടവും മാനഹാനിയും ഒക്കെ ഉണ്ടാവാം. അതുപോലെ ഇത്തരം ഗെയിം കളികള്‍ അവരെ വിഷാദ രോഗിയുമാക്കിയേക്കാം.

പഠിത്തവും മറ്റും എല്ലാം വേണ്ടതുതന്നെ പക്ഷെ അത് കൃത്യമായി രക്ഷിതാക്കളുടെ മേല്‍നോട്ടം ലഭിക്കുന്ന രീതിയിലും സമയത്തും തന്നെ ആകാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കുക. നാളെ അതിന്‍റെ പേരില്‍ നാം വിരല്‍ കടിക്കാനോ തല കുനിക്കാനോ ഇടവരരുത്.

മുഹമ്മദ് ഷെരീഫ് പടിഞ്ഞാറത്തറ

Leave a Reply

Your email address will not be published. Required fields are marked *