കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്കൊന്നും ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പോകാത്തതെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ പോലും രാഹുല്‍ പോകാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ ടൂറിസ്റ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, രാഹുല്‍ കൊല്ലത്ത് മത്സ്യത്തൊഴിലാളിക്കൊപ്പം കടലില്‍ ചാടിയ സംഭവത്തെയും വിമര്‍ശിച്ചു.
‘രാഹുല്‍ നല്ല ടൂറിസ്റ്റ് ആണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകള്‍ തീര്‍ത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകള്‍ പോവുകയും നീന്തുകയും ചെയ്യാറുണ്ട്. രാഹുലും അതുപോലെ നീന്തി ശീലിച്ചിട്ടുണ്ടാകും.
പക്ഷെ കേരളത്തിലെ കടലുകള്‍ അങ്ങനെയല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ് ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിലര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാന്‍ മത്സ്യത്തൊഴിലാളികളില്‍ വികാരം ഇളക്കിവിടാനാകുമോ എന്ന ആലോചനയുടെ ഫലമായിട്ടാണ് ധാരണാപത്രത്തിന്റെ പേര് പറഞ്ഞ് ചില കേന്ദ്രങ്ങള്‍ ഇറങ്ങിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു