നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ എട്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മമത ബാനർജി ആരോപിച്ചു.“ബി.ജെ.പി പാർട്ടി വൃത്തങ്ങളിൽ നിന്ന്, അവർ ആഗ്രഹിച്ച വോട്ടെടുപ്പ് തീയതികളുടെ പട്ടിക ഞാൻ കണ്ടിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തീയതികളുടെ പട്ടിക കണ്ട് ഞാൻ ഞെട്ടിപ്പോയി, അവ ഒന്നുതന്നെയാണ്. നരേന്ദ്ര മോദിയും അമിത് ഷായുമാണോ ബംഗാൾ തിരഞ്ഞെടുപ്പ് തീയതികൾ നിർദ്ദേശിച്ചത്? ” മുഖ്യമന്ത്രി മമത ബാനർജി ചോദിച്ചു.പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ തീയതികളിലായിരിക്കും നടക്കുക. വോട്ടെണ്ണൽ മേയ് രണ്ടിന്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനാണ് നടക്കുക. വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തിരഞ്ഞെടുപ്പ്. അസമിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. രണ്ടാം ഘട്ടം ഏപ്രിൽ 1നും മൂന്നാം ഘട്ടം ഏപ്രിൽ 6നും നടക്കും. മേയ് 2നായിരിക്കും വോട്ടെണ്ണൽ.