വയനാടു ജില്ലയിലെ പട്ടിക വർഗ്ഗ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചില ആലോചനകൾ എന്ന തലവാചകത്തിൽ ഡോ.അസീസ് തരുവണ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.. കുറിപ്പിന്റെ പൂർണ്ണ രൂപം..
”കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ലയാണ് വയനാട് . സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ 37.36 ശതമാനവും അധിവസിക്കുന്നത് വയനാടു ജില്ലയിലാണ്. അതുകൊണ്ടാണ് വയനാട്ടിലെ രണ്ടു നിയമസഭാ നിയോജക മണ്ഡലങ്ങൾ ആദിവാസികൾക്കായി സംവരണം ചെയ്തത്. ആദിവാസികളുടെ നിയമസഭാ പ്രാതിനിധ്യവും അവരുടെ ശാക്തീകരണവുമെല്ലാം ഈ സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളാണ്.
അതിനാൽ ഇത്തരം മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടേണ്ടത് കഴിവും പ്രാപ്തിയുമുള്ളവരായിരിക്കണം. വിദ്യാഭ്യാസവും കൃത്യമായ കാഴ്ചപ്പാടുമുള്ളവരായിരിക്കണം. അത്തരത്തിൽ കഴിവും പ്രാപ്തിയും വിദ്യാഭ്യാസവുമുള്ള ഒരു പിടി യുവതീ യുവാക്കളിന്ന് വയനാട്ടിലെ ആദിവാസികൾക്കിടയിലുണ്ട്.
ഒന്നുരണ്ടു ഉദാഹരണങ്ങൾ പറയാം :
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയർ. 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 91940 ആണ് പണിയരുടെ അംഗ സംഖ്യ. എന്നാൽ ഇന്നേവരെ പണിയരിൽ നിന്ന് ഒരു എം.എൽ.എ ഉണ്ടായിട്ടില്ല.
നിലവിൽ മാനന്തവാടി, ബത്തേരി നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ ഒരേ സമുദായങ്ങളിൽ നിന്നുള്ളവരാണ്. കുറിച്ച്യ ആദിവാസി സമുദായാംഗങ്ങൾ. ആദിവാസികൾക്കിടയിലെ ‘മുന്നോക്ക വിഭാഗം..
2011 ലെ സെൻസസ് പ്രകാരം 35171 ആണ് കുറിച്ച്യ ജനസംഖ്യ. പണിയ വിഭാഗത്തിന്റെ പകുതി പോലും അംഗ ബലമില്ലാത്തവർ…
അതിനാൽ ഇത്തവണ എന്തുകൊണ്ട് പണിയ സമുദായത്തിൽ നിന്നായി കൂടാ ഒരു എം.എൽ.എ ?
പണിയ വിഭാഗത്തിൽ നിന്നുള്ള ഏക എം.ബി.എ ബിരുദധാരിയായ , വയനാട് വെറ്റിനറി സർവ്വകലാശാലയിൽ ടീച്ചിം ഗ് അസിസ്റ്റായി ജോലി ചെയ്യുന്ന
മണി കുട്ടൻ Manikuttan Paniyan എന്തുകൊണ്ടും അതിന് അർഹനാണ്.
രണ്ടാമത്തെയാൾ
ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയ നിതീഷ് കുമാറാണ്.
വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് പണിയരുടെ വയനാട്ടിൽ നിന്നും കണ്ണുർ ജില്ലയിലെ ആറളത്തേയ്ക്കുള്ള പുനരധിവാസം സംബന്ധിച്ചുള്ള പഠനമായിരുന്നു നിതീഷിൻ്റെ ഗവേഷണ മേഖല.
വയനാട്ടിലെ കുറുമ ഗോത്രവിഭാഗത്തിൽ നിന്നുള്ള നിതീഷ് കുമാർ എറണാകുളം രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്നും ബി.എസ്.ഡബ്ല്യുവും തുടർന്ന് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം.എസ്.ഡബ്ലു യുവും കഴിഞ്ഞ ശേഷമാണ് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്കൂൾ ഓഫ് അപ്ലയിഡ് റിസർച്ച് ഡിപ്പാർട്ട്മെൻ്റിൽ “ആദിവാസി പുനരധിവാസം” വിഷയത്തിൽ PhD യ്ക്ക് ജോയിൻ്റ് ചെയ്തത്. സോഷ്യൽ സർവ്വീസിൽ പി.എച്ച്.ഡി നേടുന്ന ആദ്യ ഗോത്ര സമുദായാംഗമാണ് നിധീഷ് .
ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് ഡോ. നിധീഷ് . ആദിവാസികൾ നേരിടുന്ന സ്വത്വ, അസ്തിത്വ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളുണ്ട് നിധീഷിന് .
.
ട്രൂ കോപ്പിക്കുവേണ്ടി മാധ്യമ പ്രവർത്തക മനില സി. മോഹൻ നടത്തിയ അഭിമുഖത്തിൽ നിധീഷ് പറഞ്ഞ കാര്യങ്ങൾ (https://www.facebook.com/watch/?v=754606092149389) മാത്രം മതി നിധീഷിന്റെ കാഴ്ചപ്പാടുകൾ അറിയാൻ. സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്ഡി നേടിയ നീതീഷ് ഈ അഭിമുഖത്തിൽ ചോദിക്കുന്നു: പ്ലാന്‍ ഞങ്ങളുടെ കൈയിലുണ്ട്, സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറുണ്ടോ? എന്ന് …
എന്തുകൊണ്ട് ഇത്തവണ മണിക്കുട്ടനും ഡോ. നിധീഷുമായികൂടാ വയനാട്ടിൽ നിന്നുള്ള നിയമസഭാംഗങ്ങൾ ?
ഇടതും വലതും മാറി ചിന്തിക്കുകയാണെങ്കിൽ അതൊരു വിപ്ളവകരമായ തീരുമാനമായേനെ ..