വിഷം ഉള്ളിൽ ചെന്ന് ചെന്നൈ ആവഡിയിൽ താമസിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശി മരിച്ചതിന് പിന്നാലെ ഭര്യയും മരിച്ചു. കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ സി ആർ പി എഫ് ഉദ്യോഗസ്ഥൻ പി ടി വർഗീസ് (55), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അരുൺ (24) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.ആവഡി മുത്താപുതുപ്പേട്ടിൽ താമസിക്കുന്ന കുടുംബത്തെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ചോറും സാമ്പാറും കാബേജ് കറിയും കഴിച്ചതിനുശേഷമാണ് മൂവർക്കും ഛർദിയും ശാരീരിക അസ്വസ്ഥതകളുമുണ്ടായത്. വയറുവേദന കാരണം മകൾ ആഷ്‌ലിയ (21) ഇവർക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല.ആവഡിയിലെ സി ആർ പി എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസിനെയും ഭാര്യയെയും മകനെയും നില വഷളായതോടെയാണ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. ബുധനാഴ്ച വർഗീസ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സാലമ്മ മരിച്ചത്. ചികിത്സയിൽ കഴിയുന്ന അരുണിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആഷ്‌ലിയാണ് ഇവരെ അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്.ഭക്ഷണത്തിൽ നിന്നാണ് വിഷം ഉള്ളിൽച്ചെന്നതെന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മുത്താപുതുപ്പേട്ട പൊലീസ് പറഞ്ഞു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം. ആത്മഹത്യാ സാധ്യതയടക്കം മറ്റുവശങ്ങളും പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വിശദവിവരങ്ങൾ അറിയാനാകൂ. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
