കൊൽക്കത്ത: തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്കയിൽ ജനങ്ങൾ. പശ്ചിമ ബംഗാളിലെ ബങ്കുര ബിഷ്ണുപുർ ഠൗണിലാണ് നായകൾ കൂട്ടമായി ചത്തൊടുങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഇരുന്നൂറിലധികം നായകളെയാണ് ഇവിടെ ചത്തനിലയിൽ കണ്ടത്. വ്യാഴാഴ്ച മാത്രം 45 നായകളെ ചത്തിരുന്നു. ചൊവ്വാഴ്ച അറുപതും ബുധനാഴ്ച 97 തെരുവ് നായകളെയുമാണ് ചത്തനിലയിൽ കണ്ടതെന്ന് അധികൃതര്‍ പറയുന്നു.നായകൾ കൂട്ടത്തോടെ ചാകുന്നതിന് കാരണമറിയാതെ പരിഭ്രാന്തിയിലാണ് പ്രദേശത്തെ ജനങ്ങൾ. പുതിയ രോഗം പടർന്നു പിടിക്കുകയാണോയെന്ന ആശങ്കയിലാണിവർ. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു വൈറൽ ഇൻഫക്ഷൻ ആണ് നായകളുടെ മരണത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഈ കാലയളവിൽ നായകൾക്കിടയിൽ സാധാരണ കണ്ടുവരുന്ന ഒരു ഇൻഫെക്ഷനാണിത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതകള്‍ ഒട്ടും തന്നെയില്ല. അതുകൊണ്ട് തന്നെ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.