മൈതാനത്തു പോലും ഇറങ്ങാൻ കഴിയാത്ത 7 വർഷത്തെ ഇടവേള കഴിഞ്ഞു കളിക്കാനിറങ്ങിയ ശ്രീശാന്തിന്റെ പ്രകടനത്തെ സല്യൂട്ട് ചെയ്യാതെ നിവൃത്തിയില്ല. ഇത്രകാലം കഴിഞ്ഞ് ഈ പ്രായത്തിൽ, ഒരു പേസ് ബോളറിൽനിന്ന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു ഇന്നലത്തെ പ്രകടനം.പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടാവും ആദ്യ ഓവറിൽ ലൈനും ലെങ്തുമെല്ലാം അൽപം പാളി. പക്ഷേ, അടുത്ത ഓവറുകളെല്ലാം നല്ല നിയന്ത്രണത്തോടെ ഗംഭീരമായി എറിഞ്ഞു.നല്ല റിസ്റ്റ് പൊസിഷൻ ആയതുകൊണ്ടു തന്നെ ബോൾ നന്നായി മൂവ് ചെയ്യിക്കാനായി. ശ്രീയുടെ ഏറ്റവും വലിയ കരുത്തായ നല്ല ഔട്ട്സിങ്ങറുകളും കണ്ടു. പക്ഷേ, വിക്കറ്റ് നേടിയത് ഇതിനു നേരേ വിരുദ്ധമായി സ്വിങ് ചെയ്യാത്ത ഒരു ബോളിലാണ്. സീമിൽ കുത്തി വേഗമാർജിച്ച ബോൾ ഔട്ട്സ്വിങ് ചെയ്യുമെന്നു കരുതിയാണ് ബാറ്റ്സ്മാൻ കളിച്ചതെങ്കിലും തിരിയാതെ നേരെ സ്റ്റംപ് ഇളക്കുകയായിരുന്നു. മടങ്ങിവരവിലെ ആദ്യ വിക്കറ്റ് ക്ലീൻബോൾഡാക്കി തന്നെ നേടാനായത് ആത്മവിശ്വാസം വർധിപ്പിക്കും.പക്ഷേ ശ്രീശാന്തിന് കഴിയുന്നത്രയും വേഗം കണ്ടെത്താൻ ഇന്നലെ കഴിഞ്ഞില്ല. ഫിറ്റ്നസും കൈമോശം വന്നിട്ടില്ലെന്ന് റണ്ണപ്പിൽ പ്രകടമാണ്. എന്നാൽ ഫീൽഡിങ്ങിൽ അത് ഇനിയും തെളിയിക്കപ്പെടേണ്ടതാണ്. ശ്രീയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും വ്യക്തമാക്കുന്നതാണ് ഈ പ്രകടനം. പഴയ ശ്രീശാന്തിനെ ഇനിയും കാണാനാവുമെന്ന പ്രതീക്ഷ അതു നൽകുന്നു.