കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി

National

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു.ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമിതി രൂപീകരിക്കുമെന്നും വാദത്തിനിടെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.വിഷയത്തില്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട്, അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്ന് കോടതി പ്രതികരിച്ചു.പ്രശ്‌നം പരിഹൃതമാകണം എന്നാഗ്രഹിക്കുന്ന എല്ലാവരും കമ്മിറ്റിക്ക് മുമ്പിലെത്തണം. കമ്മിറ്റി നിങ്ങളെ ശിക്ഷിക്കില്ല. ഒരുത്തരവ് പുറപ്പെടുവിക്കുകയുമില്ല. അവര്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുക. സംഘടനകളുടെ അഭിപ്രായമെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടാന്‍ വേണ്ടിയാണ് സമിതി രൂപീകരിക്കുന്നത്- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍, മുന്‍ ജസ്റ്റിസുമാരായ സിങ്‌വി, അഗര്‍വാള്‍ എന്നിവരെയാണ് സമിതിയിലേക്ക് അഭിഭാഷകനായ എംഎല്‍ ശര്‍മ നിര്‍ദേശിച്ചിരുന്നത്. നിരവധി പേര്‍ തങ്ങളുമായി ചര്‍ച്ചയ്ക്ക് വന്നു എന്നും എന്നാല്‍ പ്രധാനമന്ത്രി മാത്രം വന്നില്ല എന്നും കര്‍ഷകര്‍ അറിയിച്ചതായി ശര്‍മ പറഞ്ഞു. പ്രധാനമന്ത്രിയോട് വരാന്‍ പറയാന്‍ ആകില്ല എന്നായിരുന്നു ഇതോട് ചീഫ് ജസ്റ്റിസിന്റെ മറുപടി. പ്രധാനമന്ത്രി വിഷയത്തില്‍ കക്ഷിയല്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *