പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക നേതാക്കൾ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.നവംബർ അവസാനം മുതൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഡൽഹി അതിർത്തിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പിന്തുണയോടെ കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതകൾ തടഞ്ഞതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. കേന്ദ്രവുമായി പലതവണ ചർച്ചകൾ നടത്തിയിട്ടുംപരാജയമായിരുന്നു ഫലം. പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പറഞ്ഞു.
അതേസമയം നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അഭിപ്രായപ്പെട്ടു. “പ്രതിഷേധിക്കുന്ന കർഷകരുമായി ഒരു ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്, ഞങ്ങൾ ഒരു പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. നിയമങ്ങളിലെ ഓരോ ഉപാധികളിന്മേലും ചർച്ചക്ക് തയ്യാറാണെന്ന് ഞങ്ങൾ വ്യക്തമാക്കി,” മൂന്ന് കാർഷിക നിയമങ്ങൾക്ക് പിന്തുണ അറിയിച്ച പല സംസ്ഥാനങ്ങളിൽ നിന്നുള്ള 10 കർഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.“നമ്മുടെ കാർഷിക മേഖലയ്ക്കെതിരെ പിന്തിരിപ്പൻ നടപടികൾ സ്വീകരിക്കില്ല എന്നകാര്യത്തിൽ തർക്കമില്ല. കർഷകരുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്,” പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.