മലപ്പുറം: മൊറയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി ചന്ദ്രന്‍ ബാബുവിന് പരിചയപ്പെടുത്തലിന്റെയോ വിശേഷണങ്ങളുടെയോ ആവശ്യമില്ല. 20 വര്‍ഷമായി തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രന് നാട്ടിലെ ഓരോ വീടും വോട്ടര്‍മാരെയും പരിചിതമാണ്. അഞ്ചാം വാര്‍ഡ് ഹില്‍ടോപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധിതേടുന്നത്. ആദ്യഘട്ടത്തില്‍ പ്രചാരണത്തിന്റെ ഇടവേളകളില്‍ തെങ്ങുകയറ്റത്തിന് പോകുമായിരുന്നെങ്കിലും അവസാനഘട്ടമായതോടെ പൂര്‍ണമായും തെരഞ്ഞെടുപ്പ് രംഗത്താണ്. പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവമായ ചന്ദ്രന്‍ 1992 മുതല്‍ സിപിഐ എം മോങ്ങം ബ്രാഞ്ച് അംഗമാണ്. എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. എസ്എഫ്ഐ കൊണ്ടോട്ടി, മഞ്ചേരി ഏരിയാ പ്രസിഡന്റായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ മൊറയൂര്‍ വില്ലേജ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഫാറൂഖ് ഗവ. കോളേജില്‍നിന്ന് പ്രീഡിഗ്രി പാസായി മഞ്ചേരി എന്‍എസ്എസ് കോളേജില്‍ ബിഎ ഹിസ്റ്ററിക്ക് ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പഠനം ഉപേക്ഷിച്ചു. അങ്ങനെയാണ് തൊഴിലായി തെങ്ങുകയറ്റം തെരഞ്ഞെടുത്തത്. മികച്ച ചവിട്ടുകളി കലാകാരന്‍കൂടിയാണ് ചന്ദ്രന്‍. നാട്ടിലെ നിറവ് കലാസമിതിയുടെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ: ജിസി. ജെന്യ, ജ്യോതിഷ് എന്നിവരാണ് മക്കള്‍.