സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റീവായാൽ..?

Kerala

കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പത്രിക സ്വീകരിക്കുന്നതിന് സൗകര്യപ്രദമായ ഹാള്‍ ഒരുക്കണം. ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രമേ ഹാളില്‍ പ്രവേശനം അനുവദിക്കൂ. ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം. പത്രിക സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സാനിറ്റൈസര്‍ ഉപയോഗിക്കണം. ആവശ്യമെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍കൂര്‍ സമയം അനുവദിക്കാം.

ഒരു സമയം ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വരുന്ന പക്ഷം സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കണം. പത്രിക സ്വീകരിക്കുന്ന വേളയില്‍ വരണാധികാരി/ഉപവരണാധികാരി എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയ്യുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കണം. ഓരോ സ്ഥാനാര്‍ഥിയുടെയും പത്രിക സ്വീകരിച്ചതിന് ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കണം. സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചെലാന്‍/രസീത് ഹാജരാക്കണം. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന സ്ഥാനാര്‍ഥിക്ക്് ഒരു വാഹനം മാത്രമേ പാടുള്ളൂ. സ്ഥാനാര്‍ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ പാടില്ല. കണ്ടെയ്ന്‍മെന്റ്  സോണിലോ ക്വാറന്റൈനിലോ ഉള്ളവര്‍ മുന്‍കൂട്ടി അറിയിച്ച ശേഷമേ പത്രിക സമര്‍പ്പിക്കാന്‍ ഹാജരാകാവൂ. വരണാധികാരികള്‍ അവര്‍ക്ക് പ്രത്യേകം സമയം അനുവദിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. സ്ഥാനാര്‍ഥി കൊവിഡ് പോസിറ്റീവോ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ക്വാറന്റൈനിലൊ ആണെങ്കില്‍ നിര്‍ദേശകന്‍ മുഖാന്തിരം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. തുടര്‍ന്ന്  സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തേണ്ടതും സത്യപ്രതിജ്ഞാ രേഖ വരണാധികാരി മുന്‍പാകെ ഹാജരാക്കേണ്ടതുമാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള നിമയപരമായ എല്ലാ വ്യവസ്ഥകളും നിര്‍ബന്ധമായും പാലിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *