കാവേരി നദിയിൽ വട്ടത്തോണിയിൽ വെച്ചുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും മുങ്ങി മരിച്ചു.
വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിനായി തിങ്കളാഴ്ച ഇവർ കാവേരി നദിയിലൂടെ വട്ടത്തോണിയിൽ സഞ്ചരിക്കവേ ടി നരസിപുരയിലെ തലകാടിനടുത്ത് തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
സിവിൽ കരാറുകാരനായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മൈസൂരുവിലെ ക്യതാമരനഹള്ളിയിൽ നിന്നുള്ളവരാണ്. ഇവരുടെ വിവാഹം നവംബർ 22-ന് മൈസൂരുവിൽ വെച്ച് നടക്കാനിരിക്കുകയായിരുന്നു.
ബന്ധുക്കളോടും ഫോട്ടോഗ്രാഫർമാരോടും ഒപ്പം ദമ്പതികൾ മുടുക്കുത്തോർ മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിലേക്ക് പോയി. രണ്ട് വട്ടത്തോണികൾ വാടകയ്‌ക്കെടുത്ത് നദിയുടെ മറുവശത്തുള്ള കട്ടേപുരയിലെ തലകാട് ജലധാമ റിവർ റിസോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു.നദീതീരത്ത് നിന്ന് 30 മീറ്റർ ദൂരം വട്ടത്തോണിയിൽ നീങ്ങിയപ്പോൾ, ഇവർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചു. ഉയർന്ന ഹീലുള്ള ചെരുപ്പ് ധരിച്ചിരുന്ന വധു വട്ടത്തോണിയിൽ നിൽക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുകയും നദിയിൽ വീഴുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ശശികലയെ രക്ഷിക്കാൻ ചന്ദ്രു ശ്രമിച്ചു. എന്നാൽ, അതിനിടെ തോണി മറിഞ്ഞു, അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ഒരാളും ചന്ദ്രുവും തോണി തുഴഞ്ഞിരുന്ന ഒരു മത്സ്യത്തൊഴിലാളിയും നദിയിൽ വീണു. തുടർന്ന് ചന്ദ്രു മുങ്ങി മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു. നദീതീരത്തുണ്ടായിരുന്ന ചില മത്സ്യത്തൊഴിലാളികൾ ബന്ധുവിനെ രക്ഷപ്പെടുത്തി.അതേസമയം, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നീന്തൽ വിദഗ്ധരുമായി സ്ഥലത്തെത്തിയ പൊലീസ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ മൃതദേഹങ്ങൾ പുറത്തെടുത്തു. തലകാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.