നിവാഡ: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന് മരിച്ചു. നിവാഡയില്‍ 200 അടി താഴ്ചയിലേക്കാണ് പ്രഹഌദ് എന്ന കുരുന്ന് വീണത്. ശനിയാഴ്ച രാത്രിയോടെ കുഞ്ഞിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ഹര്‍കിഷന്‍-കപൂരി ദമ്പതികളുടെ മകനാണ്. സൈന്യവും, ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ശ്രമം. കൃഷി ആവശ്യങ്ങള്‍ക്കായി പിതാവ് തുറന്ന കുഴല്‍ കിണറിലാണ് കളിക്കുന്നതിന് ഇടയില്‍ കുഞ്ഞ് വീണത്. 200 അടി താഴ്ചയിലുള്ള കുഴല്‍ കിണറില്‍ 60 അടിയില്‍ കുഞ്ഞ് തങ്ങി നില്‍ക്കുകയായിരുന്നു.
60 അടി താഴ്ചയിലേക്ക് എത്തുന്നതിന് സമാന്തരമായാണ് കുഴി നിര്‍മാണം ആരംഭിച്ചിരുന്നത്. റെയില്‍വേ മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവ ഇതിനായി ഇവിടെ എത്തിച്ചിരുന്നു.സമാന്തരമായി കുഴി എടുക്കുന്നതിന് ഇടയിലുണ്ടാവുന്ന അനക്കങ്ങള്‍ കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴാന്‍ ഇടയാക്കിയേക്കും എന്ന ആശങ്കയും ഉടലെടുത്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കുഴില്‍ നിന്ന് രക്ഷിച്ചെങ്കിലും ജീവന് തിരികെ പിടിക്കാനായില്ല.