മമ്മൂട്ടിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ( ജൂബിലി ജോയ്) ഈ സിനിമ നിർമ്മിച്ചത് .
രാഷ്ട്രീയക്കാരുടെ കുറ്റകൃത്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ തടവിലാക്കപ്പെടുന്ന ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണമൂർത്തിയായാണ് മമ്മൂട്ടി വേഷമിട്ടത് . ജയിലിൽ വെച്ച് കാലുകൾ നഷ്ടമാകുന്ന കൃഷ്ണമൂർത്തി, പ്രതികാരം ചെയ്യുന്നതാണ് പ്രമേയം.ഇപ്പോഴിതാ കാൽ നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂർത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ജൂബിലി ജോയ്.മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് അദ്ദേഹം സിനിമയുടെ അണിയറ കഥകൾ പങ്കുവെച്ചത്.മമ്മൂട്ടി ആ സിനിമയ്ക്ക് ഒരുപാട് കഷ്ടപ്പെട്ടു. പകൽ മുഴുവൻ ഒടിഞ്ഞ കാലിനെ പിന്തുണയ്ക്കുന്ന പകരണം വെച്ച് നടക്കുന്നതു കൊണ്ട് എന്നും രാത്രിയിൽ കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നു. ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്. അദ്ദേഹം ഉൾപ്പെടെ എല്ലാവരും നല്ല രീതിയിൽ സഹകരിച്ചത് കൊണ്ടാണ് അത്രയും മികച്ച ഒരു സിനിമ നടന്നത്- ജൂബിലി ജോയ് പറഞ്ഞു