കോടതിയിൽ പൊട്ടിത്തെറിച്ച് ആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടി. പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഇടയിൽ പ്രതിഭാഗം നടത്തിയ പരാമർശമാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്.പബ്ലിക് പ്രോസിക്യൂട്ടറും, പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസും ചേർന്നാണ് പെൺകുട്ടിയെ ആശ്വസിപ്പിച്ച് സീറ്റിലേക്ക് തിരികെ കൊണ്ടുപോയത്.പ്രതി നൗഫലിനു ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 47 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ ആരംഭിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫൊറൻസിക് റിപ്പോർട്ടുകൾ കോടതി അടിയന്തരമായി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരമാണ് പെൺകുട്ടി ജാമ്യാപേക്ഷയ്ക്ക് എതിരായ തർക്കം ബോധിപ്പിക്കാൻ നേരിട്ട് എത്തിയത്. പ്രത്യേകം നോട്ടീസ് നൽകിയായിരുന്നു പെൺകുട്ടിയെ കോടതിയിൽ വിളിച്ചുവരുത്തിയത്. കോവിഡ് ബാധിച്ച പെൺകുട്ടിയോട് പ്രതി ചെയ്തത് അതിനീച പ്രവൃത്തിയാണെന്നും പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെരുമാറിയതെന്നും ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിൽ പറയുന്നു