ഏത് പ്രതിസന്ധിയിലും മുന്നില്‍ നിന്ന് നയിക്കുന്ന നേതാവായിരുന്നു പി.ബിജു

Kerala Thiruvananthapuram

സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ബിജുവിന്റെ മരണം സി.പി.എം അണികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മരിക്കുമ്പോള്‍ ബിജുവിന് 43 വയസ്സായിരുന്നു. കോവിഡ് എന്ന വൈറസ് എത്രമാത്രം അപകടകാരിയാണെന്ന് നാടിനെ വീണ്ടും ബോധ്യപ്പെടുത്തുന്ന മരണം കൂടിയാണിത്. യുവാക്കളില്‍ വൈറസ് ബാധയേല്‍ക്കില്ലെന്ന പൊതു ധാരണയാണ് ഇവിടെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ബിജു പിന്നീട് കോവിഡ് മുക്തനായിരുന്നെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നവംബര്‍ 4ന് രാവിലെ 8.15 ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഏത് പ്രതിസന്ധിയിലും മുന്നില്‍ നിന്ന് നയിക്കുന്ന നേതാവിനെയാണ് വിപ്ലവ സംഘടനകള്‍ക്ക് ഇതോടെ നഷ്ടമായിരിക്കുന്നത്. ഒന്നര പതിറ്റാണ്ടോളമാണ് വിദ്യാര്‍ത്ഥി – യുവജന നേതൃരംഗത്ത് ബിജു തിളങ്ങി നിന്നിരുന്നത്.

കേരളം ശ്രദ്ധിച്ച നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ശാരീരിക പരിമിതികള്‍ മറികടന്നാണ് ബിജു നേതൃത്വം നല്‍കിയിരുന്നത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയായ ബിജു പൊതു ജനാധിപത്യ വേദികളിലും ശക്തമായ സാന്നിധ്യമായിരുന്നു. കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരുന്നത്. എസ്.എഫ്.ഐയോട് വിട പറഞ്ഞതിന് ശേഷം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍, കേന്ദ്ര കമ്മറ്റി അംഗം എന്നീ നിലകളിലും ബിജു പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തന മികവ് കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി നിയമിച്ചിരുന്നത്.വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ നിന്നും മത്സരിക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നേതാവ് കൂടിയാണ് ബിജു. തന്റെ ശാരീരിക വൈകല്യങ്ങളെ ഒരിടത്തും ഒരു ആനുകൂല്യത്തിനും ബിജു മരിക്കും വരെ ഉപയോഗപ്പെടുത്തിയിട്ടില്ല. സമരമുഖത്ത് പോലും ഈ ആനുകൂല്യം പൊലീസും അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. അനവധി തവണയാണ് മൃഗീയമായ മര്‍ദ്ദനത്തിന് പി.ബിജു വിധേയനായിരുന്നത്. നിര്‍മല്‍ മാധവ് സമരത്തില്‍ തലനാരിഴക്കാണ് പൊലീസ് വെടിവയ്പ്പില്‍ നിന്നും ബിജു രക്ഷപ്പെട്ടിരുന്നത്. ആ സമരത്തില്‍ അദ്ദേഹത്തിന്റെ തല തകര്‍ക്കപ്പെടുന്ന രീതിയിലാണ് പരുക്കേറ്റിരുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. ഒരു വിദ്യാര്‍ത്ഥി സമരത്തിന് നേരെ പൊലീസ് വെടിവയ്ക്കുക എന്നത് കേരളത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം തന്നെയാണ്.

കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംങ് കോളോജില്‍ അനധികൃതമായി നിര്‍മ്മല്‍ മാധവിന് പ്രവേശനം നല്‍കിയതിനെതിരെ എസ്.എഫ്.ഐ നടത്തിയ പ്രക്ഷോഭത്തെയാണ് പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നത്. ലാത്തിച്ചാര്‍ജ്ജിന് പുറമെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ഗ്രനേഡും വ്യാപകമായി പ്രയോഗിക്കുകയുണ്ടായി. സംഘഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കും പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റിരുന്നത്. കോളേജില്‍ പിടിഎ മീറ്റിങ്ങിനെത്തിയ രക്ഷിതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും വരെ പൊലീസ് മര്‍ദ്ദിക്കുകയുണ്ടായി. എസ്എഫ്ഐ സംഘര്‍ഷത്തിനിടെ നാലു തവണ ആകാശത്തേക്ക് വെടിവെച്ചതായി കോഴിക്കോട് അസി. കമ്മീഷണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ് അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പറഞ്ഞിരുന്നത്.പ്രകോപിതരായ എസ്.എഫ്.ഐക്കാരെ പിരിച്ചുവിടാന്‍ തനിക്ക് മുന്നില്‍ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന വാദമാണ് അന്ന് അദ്ദേഹമുയര്‍ത്തിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പ്രേംരാജിന്റെ നിര്‍ദേശപ്രകാരമാണ് വെടിവെച്ചതെന്നും രാധാകൃഷ്ണപിള്ള അവകാശപ്പെടുകയുണ്ടായി. അസി.കമ്മീഷണര്‍ വെടിവെച്ചതായി സിറ്റി പൊലീസ് കമ്മീഷണറും പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. അസിസ്റ്റന്റ് കമ്മീഷണര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും അക്കാലത്ത് പുറത്തായിരുന്നു. രാധാകൃഷ്ണപിള്ളയുടെ വാദങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇതെല്ലാം.

യു.ഡി.എഫ് ഭരണകാലത്ത് തലസ്ഥാന ജില്ലയിലും നിരവധി തവണ പി.ബിജു മര്‍ദ്ദനത്തിനിരയായിട്ടുണ്ട്. സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത ബിജു ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് നന്ദാവനം പൊലീസ് ക്യാംപിലേക്കാണ് പിടിച്ചു കൊണ്ടു പോയിരുന്നത്. ഇവിടെ വെച്ചും ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കപ്പെട്ടു. ഒടുവില്‍ തോമസ് ഐസക്കും കോടിയേരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയാണ് വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിച്ചിരുന്നത്. സമരമുഖങ്ങളിലെ സൂര്യതേജസാണ് പി.ബിജുവെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. ശാരീരിക പരിമിതികള്‍ വകവയ്ക്കാതെയുള്ള ബിജുവിന്റെ നേതൃപാടവം പലപ്പോഴും കേരളീയ സമൂഹത്തെ അത്ഭുതപ്പെടുത്തുകയും കൗതുക പ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *