ഡല്‍ഹി: ഡല്‍ഹിയില്‍ കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും. ജന്ദര്‍ മന്തറിലായിരുന്നു ധര്‍ണ. പഞ്ചാബ് ഭവനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ റാലിയാണ് ജന്ദര്‍ മന്തറിലെത്തിയത്.
പഞ്ചാബിനെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് എംഎല്‍എമാര്‍ വിമര്‍ശിച്ചു. കര്‍ഷക സമരത്തിന്റെ പേരില്‍ പഞ്ചാബിലേക്കുള്ള ചരക്ക് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.കര്‍ഷക സമരം അവസാനിപ്പിച്ചാലേ ചരക്ക് ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കൂ എന്നാണ് റെയില്‍ മന്ത്രാലയത്തിന്റെ നിലപാട്. കല്‍ക്കരി സംസ്ഥാനത്തേക്ക് എത്താതിരുന്നതിനാല്‍ താപനിലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായി. സംസ്ഥാന കനത്ത ഊര്‍ജ പ്രതിസന്ധി നേരിടുകയാണ്. ശൈത്യകാല വിളകള്‍ക്കുള്ള വളവും എത്തുന്നില്ല.
ട്രക്കില്‍ വന്‍തുക നല്‍കിയാണ് യൂറിയ എത്തിക്കുന്നത്. ശൈത്യകാല കൃഷിക്ക് 14.50 ലക്ഷം ടണ്‍ യൂറിയ വേണം പഞ്ചാബിന്. 75000 ടണ്‍ മാത്രമേ നിലവില്‍ സംസ്ഥാനത്തുള്ളൂ. ഉരുളക്കിഴങ്ങ്, ഗോതമ്ബ് കൃഷിയാണ് ഏറ്റവും പ്രതിസന്ധിയിലായത്.