കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തെ ആധുനിക വത്കരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ച പടിഞ്ഞാറത്തറ എം മുഹമ്മദലി മാസ്റ്റർ (76) അന്തരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക അംഗവും ആദ്യകാല അറബി അധ്യാപക സംഘടനാ നേതാവും ആയ ഇദ്ദേഹം മദ്രസ്സാ അധ്യാപകരുടെ തൊഴിൽ സംഘടനാ രൂപീകരണം, മദ് റസ്സ അധ്യാപകർക്കുള്ള ഇൻ സർവീസ് കോഴ്‌സ്, പാഠപുസ്തക രചനാ ശില്‍പശാലകള്‍ എന്നിവക്ക് നേതൃത്വം നൽകി. മതപണ്ഡിതന്മാർക്കു അധ്യാപന പരിശീലനം എന്ന ആശയം അവതരിപ്പിക്കുകയും വിവിധ സർക്കാർ-സർക്കാരിതര വിദ്യാഭ്യാസ ഏജൻസികളുമായി ചേർന്ന് കേരളം, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി നിരവധി അധ്യാപക പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
ചെറുകര എ എം എൽ പി സ്‌കൂൾ, പെരിന്തൽമണ്ണ ഹൈസ്‌കൂൾ, മമ്പഉൽ ഉലൂം മദ്‌റസ, എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നടത്തി. പ്രമുഖ മതപണ്ഡിതന്മാരായിരുന്ന എം. മരക്കാർ മുസ്‌ലിയാർ, കരിങ്ങനാട് കെ. പി. മുഹമ്മദ് മുസ്‌ലിയാർ,കരിമ്പനക്കൽ മൊയ്‌തു മുസ്‌ലിയാർ, ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ എന്നിവരിൽ നിന്നും മതമീമാംസയിൽ ഉന്നത പഠനം പൂർത്തിയാക്കി.
1944 ൽ പെരിന്തൽമണ്ണയിൽ ജനിച്ച മുഹമ്മദലി മാസ്റ്റർ ഉപരിപഠനത്തിനുവേണ്ടിയാണ് വയനാട്ടിൽ എത്തിയത്.1969 ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. വയനാട്ടിലെ വിവിധ സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. കല്പറ്റ ദാറുൽ ഫലാഹ്, മുഅസ്സസ ആര്ട്സ് കോളേജ്, അൽഹസന വിമൻസ് അക്കാദമി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു. ഇസ്‌ലാമിക് എഡ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ സ്ഥാപക ജനറൽ മാനേജർ ആയും കാപ്പുണ്ടിക്കൽ മഹല്ല് ജനറൽ സെക്രട്ടറിയായും ദീർഘകാലം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ സംഘടിത ഹജ്ജ് ഗ്രൂപ്പിൽ അമീറായി നേതൃത്വം നൽകി.
നിലവിൽ വിദ്യാഭ്യാസ ബോർഡ് എക്സ്യുകുട്ടീവ് അംഗം, മുസ്‌ലിം ജമാഅത്ത് നിർവാഹക സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു. അധ്യാപനം, കുട്ടികളുടെ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി പഠന-ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
ഭാര്യ: ആയാർ നഫീസ. മക്കൾ: സുമയ്യ, ആബിദ്, യാസിർ, റഹീമ, ഹാഫിള് സാലിം, സുലൈം, ഫാത്തിമ. ജാമാതാക്കൾ: ഹുസൈൻ സഖാഫി പന്നൂർ, എസ്. അബ്ദുല്ല അഞ്ചാം പീടിക, ശംസുദ്ധീൻ സഖാഫി മുത്തങ്ങ, റംല, ആമിന, റബീഅത്ത്, നഈമ, പരേതനായ കൈപ്പാണി സൂപ്പി മുസ്‌ലിയാർ. മുഹമ്മദലി മാസ്റ്ററുടെ വേർപാടിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ഇബ്‌റാഹിം ഖലീൽ അൽ-ബുഖാരി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീൽ, സി.കെ.ശശീന്ദ്രൻ എം.എൽ.എ, ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ തുടങ്ങിയവർ അനുശോചിച്ചു