രാഷ്ട്രീയ പിൻഗാമിയായി ഏറ്റവും ഇളയ മകൻ തേജസ്വി യാദവിനെ നിയോഗിച്ച ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ തീരുമാനം ശരിയാണെന്നു തെളിയിക്കുന്നതാണ് ബിഹാർ തിരഞ്ഞെടുപ്പു പ്രചരണത്തിൽ പ്രകടമാകുന്ന തേജസ്വി തരംഗമെന്ന് ആർ.ജെ.ഡി.ദേശീയ സെക്രട്ടറി അനു ചാക്കോ അഭിപ്രായപ്പെട്ടു.
മൂത്ത മക്കളായ മിസ ഭാരതിയെയും തേജ് പ്രതാപിനെയും മറികടന്നു തേജസ്വിയെ രംഗത്തിറക്കിയത് രാഷ്ട്രീയ വൈഭവം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ അംഗീകരിക്കാൻ മടിച്ചു നിന്ന കോൺഗ്രസ് നേതൃത്വം ഇന്നു തേജസ്വിയെ പ്രകീർത്തിക്കുന്നു.ജംഗിൾ രാജിന്റെ യുവരാജാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിട്ടും സംയമനത്തോടെ മറുപടി നൽകിയ തേജസ്വി ഇരുത്തം വന്ന നേതാവെന്നു ജനങ്ങൾ വിലയിരുത്തും.
ബിഹാറിൽ അടിച്ചമർത്തപ്പെട്ടു കിടന്ന പിന്നാക്ക ജനവിഭാഗങ്ങൾക്കു ശബ്ദിക്കാൻ കരുത്തു പകർന്ന നേതാവാണു ലാലുജി. ആ ജീവന്മരണ പോരാട്ടങ്ങളുടെ പ്രതിധ്വനി ലാലുജിയുടെ ഓരോ വാക്കിലുമുണ്ടാകും. ലാലുജിയിൽ നിന്നു രാഷ്ട്രീയം കണ്ടു പഠിച്ച തേജസ്വി ബിഹാറിനെ പുതുയുഗത്തിലേക്കു നയിക്കേണ്ട നേതാവാണ്. ലാലുജിയെ പോലെ ജനങ്ങളുമായി ഇഴുകിച്ചേർന്നാണു തേജസ്വിയുടെയും പ്രവർത്തനം.സാമൂഹിക നീതി പൊരുതി നേടിയെടുത്ത ബിഹാറിൽ ഇനിയാവശ്യം വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിലെ വികസന കുതിപ്പാണ്. ബിഹാറിൽ ഉപമുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച പരിചയം തേജസ്വിക്കുണ്ട്. പിതാവ് ലാലുവിനെ രാഷ്ട്രീയ ഗുരുവായി കാണുന്ന തേജസ്വി പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയെല്ലാം ഉപദേശങ്ങൾ കൂടി പരിഗണിച്ചാണ് എല്ലാക്കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. ഭരണത്തിൽ തലമുറമാറ്റം ആഗ്രഹിക്കുന്ന ബിഹാറിന്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ശേഷി തേജസ്വിക്കുണ്ടെന്നും അനു ചാക്കോ പറഞ്ഞു