വയനാട് പടിഞ്ഞാറത്തറയിൽ നടന്നതായി പോലീസ് പറയുന്ന ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടലാണെന്നാണ് സാഹചര്യങ്ങളിലൂടെ മനസ്സിലാക്കാനാവുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഈ സർക്കാരിന്റ കാലത്ത് ബത്തേരിയിലും മഞ്ചക്കണ്ടിയിലും കരളായിയിലും പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് വ്യക്തമായതാണ്. രണ്ട് സ്ത്രീകളടക്കം ഏഴ്പേരെയാണ് ആ മൂന്ന് ഏറ്റുമുട്ടലിലും കൂടി കൊലപ്പെടുത്തിയത്.
നിലവിലെ രാഷ്ട്രീയ സംഭവങ്ങളിൽ പ്രതിരോധത്തിലായ കേരള സർക്കാർ ജനശ്രദ്ധ മാറ്റാനുള്ള അടവായി വ്യാജ ഏറ്റുമുട്ടൽ നടത്തിയതാണോ എന്നതും പരിശോധിക്കണം. സംഘ്പരിവാർ രീതിയിലാണ് കേരളാ പൊലീസ് പിണറായി വിജന്റെ കാലത്ത് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.