തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ 65 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭൂലനമുണ്ടായി മൂന്നാം ദിവസം നടത്തിയ തിരച്ചിലിലാണ് അഗ്നിശമന സേനാംഗം മുആമ്മിര്‍ സെലി കുട്ടിയെ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ പൊടിയില്‍ പൊതിഞ്ഞ് കിടക്കുകയായിരുന്നു എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെന്ന് സെലി പറയുന്നു.
കുഞ്ഞ് മരിച്ചുകിടക്കുകയാണെന്നായിരന്നു രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കരുതിയത്. എന്നാല്‍ പുറത്തെടുത്തപ്പോള്‍ അവള്‍ കണ്ണ് തുറക്കുകയും രക്ഷാപ്രവര്‍ത്തകരുടെ കൈകളില്‍ പിടിക്കുകയുമായിരുന്നു. കണ്ണുകളെ വിശ്വസിക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ട നിമിഷമായിരുന്നു അത്.