ഉള്ളിയും ഉരുളക്കിഴങ്ങും ഇല്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുമോ?

National

ന്യൂഡൽഹിഃ ഉള്ളിയും ഉരുളക്കിഴങ്ങുമില്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുമോ? വിലക്കയറ്റത്തിന്റെ സമീപകാല കണക്കുകൾ പരിശോധിച്ചാല്‍ ‘വേണ്ടി വരും’ എന്നായിരിക്കും ഉത്തരം. സാധാരണക്കാരന്റെ ദൈനംദിന ഭക്ഷ്യവസ്തുക്കളിലെ അവശ്യഘടകങ്ങളായ പരിപ്പ്, സവാള, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കുൾപ്പെടെ വൻ വിലക്കയറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരന്റെ ബജറ്റിൽ കൈപൊള്ളിക്കാതെ ഇപ്പോഴും ബജറ്റിൽ ഒതുങ്ങി നിൽക്കുന്നത് ഗോതമ്പ് മാത്രം!
‌ചില്ലറവിലയിൽ ഉരുളക്കിഴങ്ങാണ് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയത്. 2019 നവംബറിനേക്കാൾ ഇപ്പോൾ ഉരുളക്കിഴങ്ങിന്റെ വിലയിലുണ്ടായിരിക്കുന്നത് 92% വർധന. സവാളയുടെ വിലയിൽ 44 ശതമാനമാണു വർധന. ഇന്ത്യയിൽ സാധാരണക്കാരന്റെ ഭക്ഷണമെന്നു പേരുകേട്ട ഉരുളക്കിഴങ്ങും സവാളയും നിലവിൽ ഓരോ കിലോ വീതം വാങ്ങുന്നതിന് 150 രൂപയും തികയില്ലെന്നാണ് റിപ്പോർട്ടുകൾ. ലോക്‌ഡൗൺ ദുരിതത്തിൽനിന്ന് ഇനിയും കരകയറാത്ത ദിവസവേതനത്തിന് ജോലി ചെയ്യുന്നവർക്ക് ഇവ രണ്ടും തികച്ചും അപ്രാപ്യമായ അവസ്ഥയുമാണ്. ഡൽഹിയിൽ സവാളയുടെ ചില്ലറ വില ജൂണിൽ കിലോയ്ക്ക് 20 രൂപയായിരുന്നു. ഒക്ടോബർ അവസാന ആഴ്ച അത് 80 രൂപയിലേക്ക് കുതിച്ചെത്തി. ഉരുളക്കിഴങ്ങിന്റേതാകട്ടെ 30 രൂപയിൽനിന്ന് കിലോയ്ക്ക് 70 രൂപ എന്ന നിലയിലേക്കും. പലയിടത്തും സവാള കിട്ടാനില്ലാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *