കേരളത്തെ പിടിച്ചുലച്ച സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു വിവരം ചോർത്തി നൽകിയ വ്യക്തിക്കു പ്രതിഫലമായി 45 ലക്ഷം

Kerala

തിരുവനന്തപുരംഃ കേരളത്തെ പിടിച്ചുലച്ച നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു വിവരം ചോർത്തി നൽകിയ വ്യക്തിക്കു പ്രതിഫലമായി 45 ലക്ഷം രൂപ ലഭിക്കും. സ്വർണക്കടത്തിനെക്കുറിച്ചു കൃത്യമായ വിവരം നൽകുന്നവർക്ക്, ഒരു ഗ്രാമിന് 150 രൂപ എന്ന കണക്കിൽ കസ്റ്റംസ് പ്രതിഫലം നൽകാറുണ്ട്. ആദ്യ ഘട്ടത്തിൽ പകുതി തുക നൽകും. ഇതുപ്രകാരം വ്യക്തിക്കു 22.50 ലക്ഷം രൂപ കൈമാറിയെന്നാണു സൂചന. ബാക്കി തുക കേസ് നടപടി പൂർത്തിയായ ശേഷം കൈമാറും.വിവരം കൈമാറിയത് ആരാണെന്നുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. കമ്മിഷണർക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാർഗോ വിഭാഗം അസി. കമ്മിഷണർ രാമ മൂർത്തിയുടെ നേതൃത്വത്തിൽ ജൂൺ 30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ‌ടു പ്രതികരിക്കാൻ കസ്റ്റംസ് തയാറായില്ല.കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ നിന്നാണു പ്രതിഫലം അനുവദിക്കുന്നത്. രഹസ്യ വിവരം നൽകിയ വ്യക്തി ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തി, കറൻസിയായിട്ടാണു തുക കസ്റ്റംസ് കൈമാറുക. വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ഉണ്ടാവില്ല

Leave a Reply

Your email address will not be published. Required fields are marked *