കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങി സർവീസുകളാണ് കെ ഫോൺ കൊണ്ട് ലക്ഷ്യമിടുന്നത്. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിനേക്കാൾ വലിയ പദ്ധതിയാണ് കേരള സർക്കാർ ആസൂത്രണം ചെയ്യുന്നത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ അടങ്കൽ തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. കെഎസ്ഐടിഎൽ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നത് കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകളിലൂടെയാണ്. ഇതിനാൽ റോഡ് കുഴിക്കൽ വേണ്ടി വരുന്നില്ല. സബ്സ്റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്നു (കോർ നെറ്റ്‌വർക്ക്) നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാൻ പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തുമെന്നാണ് അറിയുന്നത്.