ഞാറ്റടി കണ്ടും ഉഴവുപ്പാട്ട് കേട്ടും കൃഷിപ്പാട്ട് പാടിയും അക്ഷരവൃക്ഷം തീർത്തും ‘തണൽ’

Kerala Palakkad

പാലക്കാട്: ഞാറ്റടി കണ്ടും ഉഴവുപ്പാട്ട് കേട്ടും കൃഷിപ്പാട്ട് പാടിയും അക്ഷരവൃക്ഷം തീർത്തുമാണ് പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ കേരളപ്പിറവി ഇത്തവണ ആഘോഷിച്ചത്. ടി വി മുറികളിൽ നിന്ന് പാടത്തേക്കിറങ്ങി മണ്ണുമായുള്ള ഇഴയടുപ്പം കൂട്ടി കേരളത്തിൻ്റെ ജന്മദിനം ആഘോഷിക്കുക എന്ന ലക്ഷ്യവുമായി കെ ഷാജികുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ കൂട്ടമായി പാടത്തും പറമ്പിലിമിറങ്ങി കൃഷി രീതികൾ കണ്ടു മനസ്സിലാക്കി.
ചേറ്റു വിതയ്ക്ക് സാക്ഷ്യം വഹിച്ച് ഞാറ്റടി തയ്യാറാക്കുന്നത് കണ്ട് ഒരല്പം കൈ സഹായം ചെയ്തും കുട്ടികൾ ചളിയിലിറങ്ങി. തലയിൽ കെട്ടും മുണ്ടും പട്ടു പാവാടയും തുടങ്ങിയ പരമ്പരാഗത വേഷങ്ങളണിഞ്ഞാണ് കുട്ടികൾ പാടത്തിറങ്ങിയത്. പാടവരമ്പത്ത് നിന്ന് ഞാറ്റടി തയ്യാറാക്കുന്ന കർഷകർക്ക് ഊർജ്ജം പകർന്ന് കുട്ടികൾ വരമ്പത്ത് നിന്ന് കൃഷിപ്പാട്ട് പാടിയത് നൂതനാനുഭവമായി. വിവിധ കൃഷി പണികളുടെ വിവിധ ഘട്ടങ്ങളെ സ്പർശിക്കുന്ന കൃഷിപ്പാട്ടുകൾ കേരളപ്പിറവിയാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. സുമി എസ്, ദ്യുതി കെ എസ്, നവനീത് ശിവദാസ്, വേദ് നിരഞ്ജൻ, ധ്വനി കെ എസ്, റോബിൻ എസ്, അഭിത സി, അഭിനവ് ആർ, നിവേദ്യ എസ്, അർഷിത, ദൃശ്യ എന്നിവരടങ്ങുന്ന സംഘം പിന്നീട് മുല്ലത്തൊടിപ്പാടത്തെ പാറപ്പുറത്ത് കർഷകരുമായി സംവാദത്തിൽ ഏർപ്പെട്ടു.

സാമൂഹിക അകലം ഉറപ്പിക്കുകയും അതോടൊപ്പം പ്രകൃതി രമണീയമായ പശ്ചാത്തലത്തോടു കൂടിയുമാണ് തണൽ കേരളപ്പിറവിയാഘോഷങ്ങൾ നടത്തിയത്.
കുട്ടികളുടെ സംശയങ്ങൾക്ക് യുവകർഷകരായ വി കൃഷ്ണമൂർത്തി, കെ ഷാജികുമാർ എന്നിവരും മുതിർന്ന കർഷകരായ പി വി രാജപ്പൻ, റിട്ട. പ്രൊഫ മോഹൻ എന്നിവർ വട്ടം കൂടിയിരുന്ന് ഉത്തരങ്ങൾ പറഞ്ഞു. കെ പ്രഭാകരൻ, സി നാരായണൻ തുടങ്ങിയ കൃഷീവലന്മാർ ഉഴവുപ്പാട്ട് പാടി ചുവട് വെച്ചത് തണൽക്കൂട്ടായ്മയിലെ കുട്ടിപ്പട്ടാളങ്ങൾക്ക് വിസ്മയമായി. പഴയ കാലത്തെ കൃഷിരീതികളെക്കുറിച്ചും ഭക്ഷണ ശീലങ്ങളെക്കുറിച്ചും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എത്ര ഉയരങ്ങൾ താണ്ടുമ്പോഴും മണ്ണുമായുള്ള ബന്ധം പവിത്രമായി സൂക്ഷിക്കേണ്ട ആവശ്യകതകളും കൃഷി രീതികളും രാസവളപ്രയോഗത്തിൻ്റെ മറുവശങ്ങളും പാറപ്പുറത്തിരുന്ന് കുട്ടിസംഘം ചർച്ച ചെയ്തു. പിന്നീട് കുട്ടികൾ നിർമ്മിച്ച കടലാസക്ഷരങ്ങൾ കോർത്ത് പൂളപ്പറമ്പിൽ തീർത്ത അക്ഷരവൃക്ഷം വഴിയാത്രികൾക്ക് അത്ഭുതമുളവാക്കി.
അയൽപക്കത്തേക്ക് ജനാലകൾ തുറന്ന് വെച്ച് താരതമ്യങ്ങൾക്ക് സ്വത്വം പണയം വെച്ച ബാല്യത്തിന്റെ ശ്മശാന പറമ്പുകളായിമാറിക്കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ കാലത്ത് എത്ര ഭാഷകൾ പഠിച്ചാലും സ്വപ്നം കാണുന്ന ഭാഷയെ ചേർത്തു പിടിക്കുക എന്ന സന്ദേശവുമായാണ് പല്ലശ്ശന പടിഞ്ഞാറെ അഗ്രഹാരത്തിൻ്റെ കുട്ടികളുടെ കൂട്ടമായ തണൽ അക്ഷരവൃക്ഷം തീർത്തത്. വിവിധ അക്ഷരങ്ങൾ വിവിധ മാതൃകയിൽ തീർത്ത് വൃക്ഷത്തിൽ തൂക്കിയാണ് അക്ഷരവൃക്ഷം തീർത്തത്. കെ ശിവദാസ്, ജമുന ജയറാം, ഇന്ദു പ്രിയങ്ക, വേദ് വ്യാസ്, അമൃത ആർ എന്നിവരും അക്ഷരവൃക്ഷങ്ങൾ തീർക്കുന്നതിൽ സഹകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *