നടൻ സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ റ്റി.ജെ.എസ് ജോർജ്. സിദ്ദിഖിന് ഒരു സ്ത്രീലമ്പടന്റെ രൂപമാണെന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ധിക്കാരമാണെന്നും സമകാലിക മലയാളം ആഴ്ചപതിപ്പിൽ റ്റിജെഎസ് പറഞ്ഞു .
വിയോജനക്കുറിപ്പ് എന്ന കോളത്തിൽ ഒരു ധിക്കാരിയുടെ ഗർവ്വും ബുദ്ധിശൂന്യതയും എന്ന തലക്കെട്ടിലാണ് റ്റിജെഎസിന്റെ സിദ്ദിഖിനെതിരെയുളള രൂക്ഷ വിമർശനങ്ങൾ.
ധിക്കാരമാണ് നടൻ സിദ്ദിഖിന്റെ മുഖമുദ്ര. ഫേസ്ബുക്കിൽ കിട്ടുന്ന ഒരു ഡസൻ പടങ്ങൾ ഒന്ന് ഓടിച്ചുനോക്കുക. ഒരു ഫോട്ടോയിൽ സഹജീവി സ്നേഹമോ, ഒരു നേരിയ മന്ദസ്മിതമോ കണ്ടാൽ ഭാഗ്യം. സാധാരണഗതിയിൽ ആ മുഖത്ത് പ്രതിഫലിക്കുന്നത് ഗർവ്വാണ്. കലർപ്പില്ലാത്ത ഞാൻ, ഞാൻ എന്ന ഗർവ്വ്. അടുത്തകാലത്ത് ഒരു പൊതുവേദിയിൽ ഇത് പ്രകടമായതാണ്. ഒരു മനോരമ കോൺക്ലേവിൽ വിശേഷിച്ച് ഒരു പ്രലോഭനവും ഇല്ലാതെ, പെട്ടെന്ന് സിദ്ദിഖ് തുറന്നടിച്ചു. മാധ്യമങ്ങളാണ് എന്നെ വേട്ടയാടി, എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്.
ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാൽ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാൻ തന്റെ ഒറ്റയാൻ സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസഹായതയിൽ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോൾ ആക്രമണത്തിന് മുതിർന്നയാളുടെ വശത്താണ് സിദ്ദിഖ് സ്ഥാനമുറപ്പിച്ചത്. എന്റെ സ്നേഹിതന്റെ വാക്കുകളല്ലാതെ മറ്റൊന്നും വിശ്വസിക്കാൻ എനിക്ക് സാദ്ധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനൽ കുറ്റമാണെന്ന് സ്നേഹിതനെ ബോധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാൻ തക്ക പൗരബോധം ഇല്ലാതെ പോയതാണ് കാരണം.