16 ലക്ഷത്തിന്റെ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി സംശയം. മഹാരാഷ്ട്രയില്‍നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി പോയ വണ്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിയിലെത്തിയില്ല.
അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉല്‍പന്ന സമിതിയുടെ വിതരണ കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ 25നാണ് സവാള കയറ്റിവിട്ടത്. 25 ടണ്‍ സവാളയാണ് കയറ്റിവിട്ടത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡ്രൈവറും വണ്ടിയും കൊച്ചിയില്‍ എത്തിയില്ല. ബുധനാഴ്ചയെങ്കിലും എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയായിട്ടും കാണാതായതോടെ മാര്‍ക്കറ്റില്‍ സവാള മൊത്തവില്‍പന നടത്തുന്ന അലി മുഹമ്മദ് സിയാദ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്
സവാളയ്ക്കിപ്പോള്‍ പൊന്നും വിലയാണ്. വിപണിയില്‍ 65 രൂപയ്ക്ക് മുകളിലാണ് നിലവില്‍ സവാളയുടെ വില. 25 ടണ്‍ സവാളയ്ക്ക് ഏകദേശം 16 ലക്ഷം രൂപയ്ക്കു മുകളില്‍ വിപണി മൂല്യം വരുന്നതാണ്. സവാളയുമായി പോയ വണ്ടിയുടെ ഡ്രൈവറെ ഫോണില്‍ വിളിക്കുമ്പോള്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ലെന്ന് അലി നല്‍കിയ പരാതിയില്‍ പറയുന്നു.
ലോറി എത്താഞ്ഞതില്‍ അന്വേഷിക്കാനായി മഹാരാഷ്ട്രയിലേക്കു വിളിച്ചപ്പോള്‍ 25നു തന്നെ ലോറി പുറപ്പെട്ടിരുന്നുവെന്ന വിവരമാണ് ലഭിച്ചത്. ട്രാന്‍സ്‌പോര്‍ട് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്കും ഡ്രൈവറെക്കുറിച്ചോ വാഹനത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നാണ് അറിയിച്ചത്.
വാഹനം മഹാരാഷ്ട്രയില്‍നിന്ന് ലോഡ് കയറ്റി പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയിരുന്നു. ആലുവ സ്വദേശിയായ ഡ്രൈവറുടെ പേരില്‍ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ അഴിച്ചുവിറ്റതിനും മറ്റും നേരത്തേ പരാതി ഉണ്ടായിട്ടുണ്ടെന്നു ട്രാന്‍സ്‌പോര്‍ട് കമ്പനിയും വിശദീകരിച്ചിരുന്നു