കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നവംബര്‍ മൂന്നിന് മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.
കമല്‍നാഥ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും അവഗണിച്ചതായി കമ്മീഷന് വ്യക്തമാക്കി. ഇന്ന് മുതല്‍ കമല്‍നാഥിന് താരപ്രചാരക പദവി ഉണ്ടാകില്ല. അതിനാല്‍ തുടര്‍ന്ന് കമല്‍നാഥ് പങ്കെടുക്കുന്ന എല്ലാ പ്രചാരണ പരിപാടികളുടെയും ചിലവ് അതത് സ്ഥാനാര്‍ഥികള്‍ വഹിക്കണമന്നും കമ്മീഷന് അറിയിച്ചു.
ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് കമല്‍നാഥിന് എതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ദേശിയ വനിതാ കമ്മീഷന് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.