കോഴിക്കോട് | 21 മരണപ്പെടുകയും നിരവധി പേര്‍ക്ക് ഗുരതരമായി പരുക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാനാപകടത്തിലെ ഇന്‍ഷൂറന്‍സ് ക്ലെയിമില്‍ തീരുമാനം. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടത്തിലെ ഇരകള്‍ക്കും ബന്ധുക്കള്‍ക്കുമായി 660 കോടിയുടെ ക്ലെയിമാണ് തീരുമാനമായത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്.
89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 51 ദശലക്ഷം ഡോളര്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അതുല്‍ സഹായി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് ലാന്റിങിനിടെ റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകര്‍ന്നത്. യാത്രക്കാരായിരുന്ന 21 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. യാത്രക്കാര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി പറഞ്ഞു