ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വെച്ച് ഒരു സ്ത്രീയെ കത്തികൊണ്ട് ശിരച്ഛേദം നടത്തി അക്രമി. മറ്റ് രണ്ട് പേരെയും അക്രമി കൊലപ്പെടുത്തി. ഭീകരാക്രമണമാണെന്നാണ് നഗരത്തിന്റെ മേയർ സംഭവത്തെ വിശേഷിപ്പിച്ചത്.
നഗരത്തിലെ നോട്രെ ഡാം പള്ളിയിലോ സമീപത്തോ കത്തികൊണ്ടുള്ള ആക്രമണം നടന്നതായും അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.
ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ ശിരച്ഛേദം നടന്നിട്ടുണ്ടെന്ന് ഫ്രഞ്ച് രാഷ്ട്രീയക്കാരനായ മറൈൻ ലെ പെനും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ വകുപ്പ് അറിയിച്ചു.നഗരത്തിലെ പ്രധാന ഷോപ്പിംഗ് സ്ഥലമായ നൈസിന്റെ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് തോക്കുകളുമായി പൊലീസ് സുരക്ഷാവ്യൂഹം തീർത്തിട്ടുണ്ടെന്നും ആംബുലൻസുകളും ഫയർ സർവീസ് വാഹനങ്ങളും സംഭവസ്ഥലത്തുണ്ട് എന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ ശിരച്ഛേദം ചെയ്ത സംഭവത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് ഫ്രാൻസിൽ മറ്റൊരു ആക്രമണം കൂടി ഉണ്ടാവുന്നത്.