തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരൻ ചട്ടലംഘനം നടത്തിയെന്ന പരാതി വിദേശകാര്യ വകുപ്പിന്‍റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയൽ കോൺഫറൻസിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ ചട്ടം ലംഘിച്ച് പങ്കെടുപ്പിച്ചെന്നാണ് പരാതി. പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടിയെടുക്കാനാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ നിർദ്ദേശം.
ക്രമവിരുദ്ധമായി യുവതിയെ കോൺഫറൻസിൽ പങ്കെടുപ്പിച്ചത് അധികാര ദുർവിനിയോഗവും പ്രോട്ടോക്കോൾ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് പരാതി നൽകിയത്. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയെങ്കിലും വി മുരളീധരൻ പോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. ഇതോടെയാണ് സലിം മടവൂർ കേന്ദ്ര വിജിലൻസ് കമ്മീഷനെ സമീപിച്ചത്
