പൂഞ്ഞാറിലെ പുല്ലപ്പാറ കുരിശിന് മുകളിൽ കയറി നിന്ന് കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെയുള്ളവർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിക്കുകയായിരുന്നു. മഹല്ല് കമ്മിറ്റി വൈദികരെ കണ്ട ശേഷം ക്രിസ്ത്യൻ പള്ളിക്കു മുന്നിൽ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തയെ തുടർന്ന് സാമുദായിക സംഘർഷം ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനമുണ്ടായത്.
സെന്റ് മേരീസ് പള്ളിയുടെ പരാതിയിൽ 14 കുട്ടികളുടെ അറസ്റ്റ് ഈരാറ്റുപേട്ട പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷനിൽ വെച്ച് തന്നെ കേസ് ഒത്തുതീർപ്പാക്കി. പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. പൂഞ്ഞാർ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലായിരുന്നു ഒത്തുതീർപ്പ്. കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു.കുരിശിനെ അപമാനിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി പൂഞ്ഞാര്‍ ഇടവക പ്രതിനിധിയോഗം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്‍കുകയുണ്ടായി. അതേസമയം, കക്കടാംപൊയിൽ കുരിശുമലയിലെ കുരിശിൽ കയറി നിന്ന് ചിത്രമെടുത്ത സംഭവത്തിലും പൂഞ്ഞാറിലെ സംഭവത്തിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.